ബേഡഡുക്കയിലെ ഹൈടെക്‌ ആടുഫാം ഉദ്ഘാടനം ചെയ്തു: ഫാം മൃഗസംരക്ഷണ മേഖലക്ക്‌ കരുത്തു പകരുമെന്ന്‌ മന്ത്രി കെ. രാജു

 ബേഡഡുക്ക: ബേഡഡുക്ക ഗോട്ട്‌ഫാം മൃഗസംരക്ഷണ മേഖലക്ക്‌ കരുത്തു പകരുമെന്ന്‌ മന്ത്രി കെ. രാജു പറഞ്ഞു. ബേഡഡുക്ക ഹൈടെക്‌ ഗോട്ട്‌ഫാം നിര്‍മ്മാണോദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനം അഭിമാനകരമായ വളര്‍ച്ച കൈവരിച്ചുവെന്നു മന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തില്‍ ഒരു ശതമാനവും ആടുകളുടെ എണ്ണത്തില്‍ ഒമ്പത്‌ ശതമാനവും കോഴികളുടെ എണ്ണത്തില്‍ 25 ശതമാനവും വര്‍ധനവുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്‌ ക്ഷീരമേഖല സ്വയംപര്യാപ്‌തമായി. മലബാറില്‍ പാല്‍ സംഭരണം വിപണനത്തേക്കാള്‍ കൂടുതലാണ്‌. അധികം വരുന്ന പാല്‍ സംസ്‌കരിക്കാന്‍ മലപ്പുറത്ത്‌�പൊതുമേഖലയിലെ സംസ്‌ഥാനത്തെ ആദ്യത്തെ പാല്‍പ്പൊടി ഫാക്ടറി തുടങ്ങുമെന്നു മന്ത്രി അറിയിച്ചു.

നീണ്ട നാളത്തെ കാത്തിരിപ്പിന്‌ ശേഷം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട്‌ ഫാമാണ്‌ ബേഡഡുക്കയിലെ കല്ലളിയില്‍ തുടങ്ങുന്നത്‌. 1.78 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ്‌ യോജന (ആര്‍.കെ.വി.വൈ) വിഹിതവും 1.54 കോടി കാസര്‍കോട്‌ വികസന പാക്കേജ്‌ വിഹിതവും 63 ലക്ഷം മൃഗസംരക്ഷണ വകുപ്പ്‌ വിഹിതവും അടക്കം 3.95 കോടി രൂപയുടെ പദ്ധതിയാണിത്‌. 22.75 ഏക്കര്‍ സ്ഥലത്ത്‌ ആയിരം മലബാറി ആടുകളെ പാരന്റ്‌ സ്‌റ്റോക്കാക്കി വളര്‍ത്തി കര്‍ഷകര്‍ക്കും മറ്റ്‌ ആവശ്യക്കാര്‍ക്കും യഥേഷ്ടം ആട്ടിന്‍കുട്ടികളെ ലഭ്യമാക്കാനും അതുവഴി ആടുവളര്‍ത്തലിന്റെ കേന്ദ്രബിന്ദുവായി ബേഡഡുക്കയെ മാറ്റാനും കര്‍ഷകരുടെ വരുമാന വര്‍ധനവിനും പദ്ധതി ലക്ഷ്യമിടുന്നു. ഓഫീസ്‌ സമുച്ചയം പൊതുമരാമത്ത്‌ വകുപ്പും ആടുകള്‍ക്കുള്ള അഞ്ച്‌ ഹൈടെക്‌ കെട്ടിടങ്ങള്‍ പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ ഹൗസിംഗ്‌ ബോര്‍ഡും നിര്‍മ്മിക്കും. നാല്‌ മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

കൊളത്തൂര്‍ (കല്ലളി) ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആധ്യക്ഷം വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. രമണി, കാസര്‍കോട്‌ വികസന പാക്കേജ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ. മാധവന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയര്‍മാന്‍ ബി.കെ. നാരായണന്‍, വസന്തകുമാരി ടീച്ചര്‍, എം. ഗോപാലകൃഷ്‌ണന്‍, കെ. പ്രിയ, ശിവനായിക്‌, നിഷാദ്‌, പി. അനന്തകൃഷ്‌ണന്‍, എം. അനന്തന്‍, എ. നാരായണന്‍, എം. ബാലകൃഷ്‌ണന്‍, കുഞ്ഞികൃഷ്‌ണന്‍, ദാമോദരന്‍, ഡോ. പി. നാഗരാജ, പഞ്ചായത്ത്‌ പ്രസി. എം. ധന്യ, ഡോ. ടിറ്റോ ജോസഫ്‌ പ്രസംഗിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today