കാലിനു മുറിവേറ്റതിനെതുടര്‍ന്ന്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ആള്‍ മരിച്ച കേസ്: ചികിത്സാ രേഖകള്‍ പരിശോധിക്കണമെന്ന്‌ പൊലീസ്‌ സര്‍ജന്‍

 കാസര്‍കോട്‌: കാലിനു മുറിവേറ്റതിനെതുടര്‍ന്ന്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ആള്‍ മരിച്ച കേസില്‍ ചികിത്സാ രേഖകള്‍ പരിശോധിക്കാന്‍ ഒരുങ്ങി പൊലീസ്‌. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്‌ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ സര്‍ജന്‍ ഡോ. കെ ഗോപാല കൃഷ്‌ണപിള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്‌.

അണങ്കൂര്‍, ജെ പി കോളനിക്കു സമീപത്തെ പി എം എസ്‌ റോഡിലെ അശ്വിന്‍കുമാര്‍ (55) ആണ്‌ മരിച്ചത്‌. സഹോദരനുമായി ഉണ്ടായ കയ്യാങ്കളിക്കിടയിലാണ്‌ അശ്വിന്‍ കുമാറിനു കാലിനു മുറിവേറ്റത്‌. സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇയാളെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു.

എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന്‌ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇവിടെ വച്ച്‌ മരണം സംഭവിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പൊലീസ്‌ ഇടപെട്ടാണ്‌ മൃതദേഹം പരിയാരത്ത്‌ പോസ്റ്റ്‌ മോര്‍ട്ടം ചെയ്‌തത്‌.

അശ്വിന്‍ കുമാറിന്റെ കാലില്‍ മുറിവുണ്ടെന്നും അത്‌ മരണത്തിനു കാരണമല്ലെന്നും മസ്‌തിഷ്‌ക്കത്തില്‍ ഉണ്ടായ അസ്വാഭാവിക കാരണങ്ങളാണ്‌ മരണത്തിനു ഇടയാക്കിയതെന്നുമാണ്‌ സര്‍ജ്ജന്‍ പൊലീസിനു നല്‍കിയ മൊഴി. ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട കേസ്‌ ഫയലുകള്‍ പരിശോധിച്ചാലേ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്നും ഡോക്‌ടര്‍ പൊലീസിനോട്‌ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രേഖകള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ്‌ പൊലീസ്‌.


أحدث أقدم
Kasaragod Today
Kasaragod Today