14.25 കോടിയുടെ മാക്സ്‍വെലിന് 1 റൺ; ആരും വാങ്ങാതെപോയ കോൺവേ 59 പന്തിൽ 99*

 ക്രൈസ്റ്റ് ചർച്ച് ∙ ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ ‍ഡെവൺ കോൺവേയെന്ന ഇരുപത്തൊൻപതുകാരനായ ന്യൂസീലൻഡ് താരത്തെ ടീമിൽ ഉൾപ്പെടുത്താത്തിൽ എല്ലാ ടീമുകളും ഒരുപോലെ ഖേദിക്കുന്നുണ്ടാകും! ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്‍ലി ഓവലിൽ ഇന്നലെ ഓസ്ട്രേലിയയുടെ പേരുകേട്ട ബോളിങ് നിരയെ തച്ചുതകർത്ത കോൺവേയുടെ അടി അവർ കണ്ടിട്ടുണ്ടെങ്കിൽ ഹൃദയം തകർന്നിട്ടുണ്ടാകുമെന്നും തീർച്ച. ഐപിഎൽ താരലേലത്തിൽ വെറും 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കോൺവോയുടെ മികവിൽ, ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് നേടിയത് 53 റൺസിന്റെ ആവേശജയം. 59 പന്തുകൾ നേരിട്ട കോൺവേ 10 ഫോറും മൂന്നു സിക്സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്നു. ‌ 5 മത്സര പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. 19 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ന്യൂസീലൻഡിനെ രക്ഷപ്പെടുത്തിയ ഇന്നിങ്സായിരുന്നു കോൺവേയുടേത് 59 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 99 റൺസ്! കോൺവേയ്ക്ക് രാജ്യാന്തര ട്വന്റി20യിലെ ആദ്യ സെഞ്ചുറി നഷ്ടമായത് വെറും ഒരു റണ്ണിന്. അതും ഓവർ തീർന്നുപോയതുകൊണ്ടു മാത്രം! ഗ്ലെൻ ഫിലിപ്സ് (20 പന്തിൽ 30), ജിമ്മി നീഷം (15 പന്തിൽ 26) എന്നിവരുടെ ഇന്നിങ്സും നിർണായകമായി.ഓസ്ട്രേലിയയുടെ മറുപടി 17.3 ഓവറിൽ 131 റൺസിൽ അവസാനിച്ചതോടെയാണ് ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഓസീസ് നിരയിൽ തിളങ്ങിയത് 33 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്ത മിച്ചല്‍ മാർഷ് മാത്രം. 13 പന്തിൽ 23 റൺസെടുത്ത ആഷ്ടൺ ആഗറാണ് രണ്ടാമത്തെ ടോപ് സ്കോറർ. ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതെ പോയ മറ്റൊരു താരമാണ് ഓസീസിനെ തകർത്തത്. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇഷ് സോധി.


∙ കോൺവേ, 4 ദിവസം വൈകിപ്പോയല്ലോ!


ഡെവൺ കോൺവേ, താങ്കൾ 4 ദിവസം വൈകിപ്പോയി. പക്ഷേ, എന്തൊരു ബാറ്റിങ്! – മത്സരശേഷം ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ട്വീറ്റ് ചെയ്ത ഈ വാക്കുകളിലുണ്ട് എല്ലാം. 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുമായെത്തിയ കോൺവോയെ ഈ മാസം 18ന് ചെന്നൈയിൽ നടന്ന ഐപിഎൽ താരലേലത്തിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു ടീമും വാങ്ങാൻ താൽപര്യം കാട്ടിയിരുന്നില്ല. നാലു ദിവസം മാത്രം മുൻപ് ഐപിഎൽ താരലേലത്തിൽ ഒരു ടീമിനും വേണ്ടാതെ പിന്തള്ളപ്പെട്ട ഇരുപത്തൊമ്പതുകാരൻ കോൺവേ ക്രീസ് നിറഞ്ഞാടിയപ്പോൾ കരുത്തരായ ഓസ്ട്രേലിയൻ ബോളർമാർ നിഷ്പ്രഭരായി.


أحدث أقدم
Kasaragod Today
Kasaragod Today