മ്യാൻമറിൽ പട്ടാളം പിടിമുറുക്കുന്നു; യാങ്കൂൺ വിമാനത്താവളം അടച്ചു, എംപിമാരും വീട്ടുതടങ്കലിൽ

 യാങ്കൂൺ ∙ മ്യാൻമറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. ദുരിതാശ്വാസ സഹായവുമായെത്തുന്നവ ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഇറങ്ങുന്നതും പുറപ്പെടുന്നതും നിരോധിച്ചു. കഴിഞ്ഞ നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പാർലമെന്റ് ആദ്യമായി ചേരേണ്ടിയിരുന്ന തിങ്കളാഴ്ച രാവിലെയാണ് പുതിയ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ തടവിലാക്കി പട്ടാളം അധികാരം പിടിച്ചത്. രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണിൽ സ്ഥിതി ശാന്തമാണ്. 


മ്യാൻമറിലെ ഇന്ത്യക്കാരോട് മുൻകരുതലുകളെടുക്കാനും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ എംബസി അഭ്യർഥിച്ചു. അത്യാവശ്യ സന്ദർഭങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുമെന്നും അധികൃതർ അറിയിച്ചു. എംബസിയുടെ കണക്കനുസരിച്ച് ഏഴായിരത്തോളം ഇന്ത്യക്കാർ മ്യാൻമറിലുണ്ട്.തലസ്ഥാനമായ നെയ്പെഡോയിൽ തടവിൽ കഴിയുന്ന സൂചിയുടെ ആരോഗ്യനില ഭദ്രമാണെന്ന് നാഷനൽ ലീഗ് ഫോർ ഡമോക്രസിയിലെ (എൻഎൽഡി) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സൂചിയും അവരുടെ ഡോക്ടർ മ്യോ ഓങ്ങും ഒരിടത്താണ് തടവിൽ കഴിയുന്നത്. ആരുമായും ബന്ധപ്പെടാൻ ഇവരെ അനുവദിക്കുന്നില്ല. സൂ ചിയെ ഉടൻ മോചിപ്പിക്കണമെന്ന് എൻഎൽഡി ആവശ്യപ്പെട്ടു. 


പാർലമെന്റ് അംഗങ്ങളും പ്രധാന രാഷ്ട്രീയനേതാക്കളും അവരുടെ വീടിനു പുറത്തുകടക്കാൻ പട്ടാളം അനുവദിക്കുന്നില്ല. പാർലമെന്റ് അംഗങ്ങളുടെ ഭവനസമുച്ചയത്തിനു വെളിയിൽ കനത്ത പട്ടാള കാവലുണ്ട്. നാനൂറോളം വരുന്ന പാർലമെന്റംഗങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും പരസ്പരം ബന്ധപ്പെടുന്നതിലും വിലക്കില്ല. 


ഭരണമേറ്റെടുത്ത പട്ടാള മേധാവി മിൻ ഓങ് ലെയ്ങ്, മുൻ ജനറൽ തീൻ സീനിന്റെ നേതൃത്വത്തിൽ ജനറൽമാരും മുൻ ജനറൽമാരും ഉൾപ്പെടുന്ന 11 അംഗ മന്ത്രിസഭ രൂപീകരിച്ചതായി പട്ടാള ടിവി അറിയിച്ചു. 


ഇന്റർനെറ്റും ഫോണും തടഞ്ഞതോടെ മണിക്കൂറുകൾക്കുളളിൽ ഓഫ്‍ലൈൻ മെസേജിങ് ആപ്പായ ബ്രിജ്ഫൈ 6 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. മെക്സിക്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ബ്രിജ്ഫൈ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭ സമയത്തും പ്രചാരം നേടിയിരുന്നു. 


ജനവിധി അംഗീകരിക്കണമെന്ന് യുഎൻ


മ്യാൻമറിലെ പട്ടാള അട്ടിമറിയെ അപലപിച്ച യുഎൻ അവിടുത്തെ 7 ലക്ഷത്തോളം രോഹിൻഗ്യ അഭയാർഥികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കണമെന്നും സമാധാനപരമായി അധികാരം കൈമാറണമെന്നും രക്ഷാസമിതി അഭ്യർഥിച്ചു. സ്ഥിതി മോശമാകാതെ പ്രശ്നപരിഹാരത്തിന് രാജ്യാന്തരസമൂഹം മുൻകൈയെടുക്കണമെന്നു മ്യാൻമറിലെ പട്ടാളവുമായും സൂ ചിയുമായും നല്ല ബന്ധമുള്ള ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വെങ് വെൻബിൻ പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേക പ്രതിനിധി ക്രിസ്റ്റീൻ ഷ്റാനർ ബർഗ്നർ മ്യാൻമറിലെപട്ടാള മേധാവിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം രക്ഷാസമിതിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today