മീൻ വിൽപന നടത്തി പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ പ്രതിഷേധം

 തിരുവനന്തപുരം∙ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ചയില്ലെന്ന സർക്കാർ നിലപാട് സിപിഎം തിരുത്തിയ പകലിലും സെക്രട്ടേറിയറ്റിനു മുന്നിൽ സമര പരമ്പരകൾ ശക്തമായി നടന്നു.


രണ്ടാഴ്ചയായി സമരം ചെയ്യുന്ന സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ ഇന്നലെ മീൻ വിൽപന നടത്തിയാണ് പ്രതിഷേധിച്ചത്. അർഹതപ്പെട്ട ജോലി ലഭിച്ചില്ലെങ്കിൽ ഇതുപോലെ ഉപജീവനം കഴിക്കേണ്ട അവസ്ഥയിലാണെന്നു സർക്കാരിനെ ബോധ്യപ്പെടുത്താനാണ് ഈ സമര രീതി സ്വീകരിച്ചതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.ശംഖുമുഖത്തു നിന്നു ഐസ് പെട്ടിയിൽ കൊണ്ടുവന്ന മീനാണ് ഇവർ സമര പന്തലിനു മുന്നിൽ വിൽപന നടത്തിയത്. മീൻ വാങ്ങി യുഡിഎഫ് കൺവീനർ എം.എം.ഹസൻ പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ രാപകൽ സമരം മുന്നോട്ടു കൊണ്ടുപോകാനായി ഇവർ പൊതുജനങ്ങളിൽ നിന്നു ബക്കറ്റ് പിരിവും നടത്തുന്നുണ്ട്.സർക്കാർ ഉത്തരവിറങ്ങി 16 മാസമായിട്ടും ജോലി ലഭിക്കാത്ത ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ  റോഡിലൂടെ മുട്ടിലിഴഞ്ഞും കരണംമറിഞ്ഞുമാണ് പ്രതിഷേധിച്ചത്.


അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച നിരാഹാര സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ. സമരത്തിന്റെ 25–ാം ദിനം ബിജെപി നേതാവ് ശോഭ സുരേന്ദ്രനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച എൽജിഎസ് ഉദ്യോഗാർഥി പ്രതിനിധികൾ പിന്നീട് യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരപ്പന്തലിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും ചർച്ച നടത്തി. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഓഫിസിലെത്തിയും ഇവർ ചർച്ച നടത്തിയിരുന്നു. സമരങ്ങൾക്കു പിന്തുണ നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നടത്തിയ 48 മണിക്കൂർ ഉപവാസം ഇന്നലെ അവസാനിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾ നൽകിയ നാരങ്ങാവെള്ളം കുടിച്ചായിരുന്നു ഇത്.


أحدث أقدم
Kasaragod Today
Kasaragod Today