വൈദ്യുതി യില്ലെന്ന് പറഞ് ബദിയടുക്ക പിലാങ്കട്ടയിലെ മൂന്നാംക്ലാസ് വിദ്യാർഥിനി ഫോൺവിളിച്ചത് പോലീസിന്, ഒടുവിൽ ദിവസങ്ങൾക്കകം വീട്ടിൽ വൈദ്യുതിയെത്തി

 ബദിയടുക്ക: പിലാങ്കട്ട ഗവ.എൽ.പി. സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനി ഫാത്തിമത്ത് ഷഹ്ബാനയുടെ രണ്ടുവർഷത്തോളമായുള്ള ആഗ്രഹമായിരുന്നു മറ്റുള്ളവരെ പോലെ വൈദ്യുതിവെളിച്ചത്തിൽ വായിക്കണമെന്നത്. വീടുവെച്ചതുമുതൽ കൂലിപ്പണിക്കാരനായ പിതാവ്‌ മൊയ്തുവും അമ്മ ഫൗസിയയും മകളുടെ ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്നു. വയറിങ്‌ ജോലികൾ പൂർത്തിയാക്കിയെങ്കിലും കണക് ഷൻ കിട്ടാൻ അടുത്തുള്ള സ്ഥലമുടമസ്ഥന്റെ അനുമതിവേണമായിരുന്നു. പല തവണ ശ്രമിച്ചെങ്കിലും അത് കിട്ടിയില്ല. വൈദ്യുതിവകുപ്പിൽ പരാതി നൽകിയെങ്കിലും ഏഴുമാസത്തിലധികമായി ഒരു നടപടിയും ഉണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ കുട്ടികളുടെ എന്തുവിഷമവും വിളിച്ചുപറയാം എന്നു പറഞ്ഞ് അധ്യാപകനായ നിർമൽകുമാർ കേരളാപോലീസിന്റെ സംരംഭമായ ‘ചിരി’യുടെ ഹെല്പ്‌ലൈൻ നമ്പർ നൽകുന്നത്.


മൂന്നാംക്ലാസുകാരി ഷഹ്ബാന രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ ആഗ്രഹം വിളിച്ചുപറഞ്ഞു. കോവിഡുകാലത്ത് വീടുകളിൽ ഒറ്റപ്പെട്ടുപോയ കുട്ടികളുടെ മാനസികസംഘർഷം ലഘൂകരിക്കുന്നതിന് കേരള പോലീസ് സ്കൂൾ കുട്ടിപ്പോലീസുമായി ചേർന്ന് രൂപവത്കരിച്ചതാണ് ‘ചിരി’. കാസർകോട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. വിജയകുമാറും എസ്.ഐ. ശ്രീധരനും ഉൾപ്പെടുന്ന സംഘമാണ് ജില്ലയിൽ ‘ചിരി’യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


മാനസികസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ‘ചിരി’യിൽ സംവിധാനമുണ്ടെങ്കിലും ഇത്തരം ആവശ്യങ്ങൾ പരിഹരിക്കാൻ ഇതിൽ മാർഗമില്ല. എങ്കിലും, ഷഹ്ബാനയുടെ ആഗ്രഹം കേട്ടപ്പോൾ ഒഴിവാക്കാൻ പോലീസിനായില്ല. അവർ ബദിയടുക്ക ജനമൈത്രിപോലീസുമായി ചേർന്ന് പ്രശ്നപരിഹാരത്തിന് ശ്രമമാരംഭിച്ചു. ബദിയടുക്കയിൽ ജനമൈത്രിപോലീസിന്റെ ചുമതലയുള്ള പോലീസ് ഓഫീസർമാരായ അനൂപും മഹേഷും നടത്തിയ നിരന്തരശ്രമങ്ങളാണ് ഒടുവിൽ ഷഹ്ബാനയുടെ വീട്ടിൽ വെളിച്ചമെത്തുന്നതിന് കാരണമായത്. ആദ്യം ഉദ്ദേശിച്ചതിൽനിന്ന്‌ മാറ്റി മറ്റൊരുവഴിയിലൂടെ അയൽവാസികളായ റസാക്കിന്റെയും അബൂബക്കറിന്റെയും അനുമതിയോടെ ആറുതൂണുകൾ ഉപയോഗിച്ചാണ് ഇപ്പോൾ വൈദ്യുതി എത്തിച്ചിരിക്കുന്നത്.


ബദിയടുക്ക സി.ഐ. കെ.സലീം വീട്ടിലെത്തി സ്വിച്ച് ഓൺ ചെയ്തതോടെ ഷഹ്ബാനയുടെ വീട്ടിലും മുഖത്തും ചിരിവിടർന്നു. കുട്ടിയുടെ സന്തോഷത്തിൽ പങ്കുചേരാൻ ചിരിയുടെ ജില്ലാ നോഡൽഓഫീസർ ഡിവൈ.എസ്.പി.വിജയകുമാർ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today