പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി: ടി.എം.സിദ്ധീഖിനായി റോഡിലിറങ്ങിയത് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍

 മലപ്പുറം: പ്രാദേശിക ഘടകത്തിലെ പ്രതിഷേധം അവഗണിച്ച് സംസ്ഥാന നേതൃത്വം പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിനെ പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയിൽ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി പ്രതിഷേധിച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പ്രാദേശികമായി എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിയുടെ പരസ്യപ്രചാരണത്തിന് തുടക്കമിട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി പഞ്ചായത്തിലെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ അതേ സമയത്താണ് പൊന്നാനിയിൽ പ്രതിഷേധം ആരംഭിച്ചതും. പൊന്നാനിയെ കൂടാതെ സിപിഎം സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുത്ത കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. 


രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റിയാണ് സിപിഎം പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥനാര്‍ത്ഥിയായി നിശ്ചയിച്ചത്. എന്നാൽ സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി ടി.എം.സിദ്ധീഖിനെ ഇവിടെ മത്സരിപ്പിക്കണം എന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിൽ ആദ്യം ഏരിയ കമ്മിറ്റിയിലും പിന്നീട് ജില്ലാ കമ്മിറ്റിയിലും ടി.എം.സിദ്ധീഖിൻ്റെ പേരാണ് പ്രാദേശിക നേതാക്കൾ ഉയര്‍ന്നു കേട്ടത്. 


എന്നാൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ സിഐടിയു ദേശീയ ഭാരവാഹി പി.നന്ദകുമാര്‍ പൊന്നാനിയിൽ മത്സരിക്കട്ടേയെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം എടുത്തത്.  ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്കായി എത്തിയപ്പോഴും പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പി.നന്ദകുമാര്‍ പൊന്നാനിയിൽ മത്സരിക്കട്ടേയെന്ന നിലപാടാണ് സ്വീകരിച്ചത്. 


2011-ൽ പാലോളി മുഹമ്മദ് കുട്ടി മത്സരരംഗത്ത് നിന്നും മാറിയപ്പോൾ തന്നെ ടി.എം.സിദ്ധീഖിൻ്റെ പേര് സിപിഎം പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അന്ന് പെരിന്തൽമണ്ണയിൽ നിന്നും ശ്രീരാമകൃഷ്ണൻ വന്നാണ് മത്സരിച്ചതെന്നും പത്ത് വര്‍ഷം കഴിഞ്ഞ് ഇപ്പോൾ അവസരം വന്നിട്ടും പാര്‍ട്ടി ടി.എം.സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വലിയ തെറ്റാണെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ടി.എം.സിദ്ധീഖിനെ തുടര്‍ച്ചയായി പാര്‍ട്ടി അവഗണിക്കുകയാണെന്നും പൊന്നാനിയിൽ ഒരു സാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് നന്ദകുമാറെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു.  2006-ൽ വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ സമാനമായ രീതിയിൽ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today