തിരുവനന്തപുരം: പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാഗ്യവതിയെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം. വാളയാറില്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ കൊലയാളികളെ സംരക്ഷിച്ച കേരള പോലീസിന് ഒത്താശ ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍. പാലത്തായിയിലെ പെണ്‍കുട്ടിയെ പീഢിപ്പിച്ച ബി.ജെ.പി നേതാവിന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയതും ഇടതു സര്‍ക്കാരിന്റെ പോലീസാണ്.
വനിതാ നവോത്ഥാനത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തുകയും സകല സ്ത്രീ പീഢകരെയും സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് നയമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ സര്‍ക്കാര്‍ വെച്ചു പുലര്‍ത്തിയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയുമില്ലാത്ത നാടായി കേരളം മാറി. സ്ത്രീപീഢകര്‍ക്ക് സംരക്ഷണമൊരുക്കിയ സര്‍ക്കാരിന്റെ തലവനെതിരെയാണ് വാളയാറിലെ ഭാഗ്യവതി ധര്‍മടത്ത് മത്സരിക്കുന്നതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടത്ത് ഭാഗ്യവതിക്ക് പിന്തുണ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.