വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കാസർഗോഡ് കോടതി

 കാസര്‍കോട്: 11 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസ അധ്യാപകനെ കോടതി 30 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ ഹനീഫ എന്ന മദനി(42)യെയാണ് ജില്ലാ അഡീ. സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്ജി ടി.കെ നിര്‍മ്മല വെള്ളിയാഴ്ച ഉച്ചയോടെ ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവ് ശിക്ഷ. 2016 മെയ് 31ന് രാത്രി 7.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പുല്ലൂര്‍ വില്ലേജിലെ ഒരു മദ്രസയില്‍ അധ്യാപകനായി അബ്ദുല്‍ഹനീഫ സേവനം അനുഷ്ടിച്ചുവരികയായിരുന്നു. രാത്രി 11 വയസുള്ള വിദ്യാര്‍ത്ഥിയെ ഹനീഫ മുറിയില്‍വെച്ച് പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് കേസ്. അന്നത്തെ അമ്പലത്തറ എസ്.ഐയായിരുന്ന എം.ഇ രാജഗോപാലാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.


أحدث أقدم
Kasaragod Today
Kasaragod Today