കുണ്ടംകുഴി ∙ ശുദ്ധജലമില്ല, അടച്ചുറപ്പുള്ള വീടില്ല, അടിസ്ഥാന സൗകര്യങ്ങളില്ല പാണ്ടിക്കണ്ടം പട്ടികവർഗ കോളനി നിവാസികൾക്കു പറയാനുള്ളത് ജീവിത പ്രയാസങ്ങൾ മാത്രം. ബേഡഡുക്ക പഞ്ചായത്തിലെ 4ാം വാർഡിൽ ഉൾപ്പെടുന്ന കോളനിയിൽ 17 കുടുംബാംഗങ്ങളാണുള്ളത്. വാസയോഗ്യവും അടച്ചുറപ്പുള്ളതുമായ വീടില്ലാത്തവരാണ് ഏറെയും. സ്ഥിരമായി ശുദ്ധജലം ലഭിക്കാൻ സൗകര്യമില്ല. ഒറ്റപ്പെട്ട തുരുത്തിലെന്ന പോലെ ദുരിതങ്ങളുടെ നടുവിലാണ് ഇവരുടെ ജീവിതം.
രാമങ്കയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകളും ടാപ്പുകളും സ്ഥാപിച്ചുവെങ്കിലും ഇതുവരെ വെള്ളം എത്തിയിട്ടില്ല. സ്വകാര്യ വ്യക്തി പൈപ്പിട്ട് നൽകുന്ന വെള്ളമാണ് കോളനിക്കാരുടെ ഏക ആശ്രയം. അതു മുഴുവൻ കുടുബങ്ങൾക്കും തികയുന്നില്ല. ഒരു കുടം വെള്ളം വീട്ടിൽ എത്തിക്കാൻ ഒരു കിലോമീറ്ററോളം സഞ്ചരിക്കേണ്ടി സ്ഥിതിയാണ്. കോളനിവാസികളുടെ കഷ്ടപ്പാട് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു ശ്രമമുണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു.കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഒരു കിലോമീറ്റർ അകലെയുള്ള പാണ്ടിക്കണ്ടം പുഴയെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലക്ഷാമം നേരിടുന്ന പല പ്രദേശങ്ങളിലും ടാങ്കർ വഴി വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഈ മേഖലകളിൽ അതിനുള്ള പ്രാരംഭ നടപടി പോലും തുടങ്ങിയിട്ടില്ലെന്നു കോളനിക്കാർ പറയുന്നു. വീടുകളുടെ സ്ഥിതിയും ദയനീയമാണ്. 3 ഏക്കർ സ്ഥലം കോളനിവാസികൾക്കു നീക്കി വച്ചിട്ടുണ്ടെങ്കിലും പതിച്ചു നൽകൽ നടപടി പൂർത്തിയായിട്ടില്ല.
പാണ്ടിക്കണ്ടം കോളനിയിലെ ചില കുടുബങ്ങൾക്കു വീട് കിട്ടിയെങ്കിലും വീടില്ലാത്തവരാണു ഭൂരിഭാഗവും. ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിലാണു കൂരകൾ. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേൽക്കൂര പലപ്പോഴും നനഞ്ഞൊലിക്കും. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ കോളനിയെ രാമങ്കയം കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുതിയിട്ടുണ്ടെന്നും ഏതാനും മാസങ്ങൾക്കകം ഇതു പൂർത്തിയാകുമെന്നും മുൻ പഞ്ചായത്ത് അംഗം മുരളി പറഞ്ഞു.