സംസ്ഥാനത്ത് ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പിഡിപി

 തിരുവനന്തപുരം: ഫാസിസത്തിനും സംഘ്പരിവാര ഭീകരതക്കും വര്‍ഗീയധ്രുവീകരണ നീക്കത്തിനുമെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിന്തുണക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ശക്തമായി ചുവടുറപ്പിക്കാനും സീറ്റെണ്ണം വര്‍ദ്ധിപ്പിക്കാനും യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത് പകല്‍ പോലെ വെളിപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്ത കോണ്‍ഗ്രസ് എങ്ങിനെയും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ പരീക്ഷിച്ച കോലീബി സഖ്യം വീണ്ടും പ്രയോഗിക്കുകയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാര്‍ലിമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡല്‍ഹിയിലെ യുദ്ധം മതിയാക്കി അധികാരക്കൊതി മൂത്ത് പാര്‍ലിമെന്റംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുകയാണ്. ദലിത് പിന്നോക്കമതന്യൂനപക്ഷങ്ങളുടെ നിലനില്‍പ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാകാതെ കോണ്‍ഗ്രസ് ഫാസിസത്തിന് കീഴടങ്ങുന്നതാണ് ദിനേന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാം കാണുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറി അധികാരം ഫാസിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കുന്നത് നമുക്ക് പാഠമാകണം. ഇത്തരുണത്തില്‍ ഫാസിസത്തിനും സംഘ്പരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന തിരിച്ചറിവിലാണ് ഈ തെരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പരസ്യപ്രചാരണങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തൊട്ടാകെ ബൂത്ത്തലം മുതല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുകയും ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും പിഡിപി കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സംഘടനാ കാര്യജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today