ചട്ടഞ്ചാൽ കൂളിക്കുന്നിൽ നിന്ന് കളഞ്ഞു കിട്ടിയ പഴ്സിൽ 36,000 രൂപ; പോലീസിനെ ഏൽപ്പിച്ച് തൊഴിലാളികൾ

 പൊയിനാച്ചി: റോഡിൽനിന്ന് വീണുകിട്ടിയ 36,020 രൂപയും രേഖകളും അടങ്ങിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച് തൊഴിലാളികളുടെ സത്യസന്ധത. മണിക്കൂറുകൾക്കുള്ളിൽ ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചേൽപ്പിച്ച് മേൽപ്പറമ്പ് പോലീസിന്റെ ബിഗ് സല്യൂട്ട്.അരമങ്ങാനം സ്കൂളിനടുത്ത് താമസിക്കുന്ന പോളിഷ് തൊഴിലാളികളായ ജി.സുരേശനും രതീഷുമാണ് മാതൃകയായത്. തിങ്കളാഴ്ച രാവിലെ ചട്ടഞ്ചാൽ അമ്പത്തഞ്ചാംമൈലിലെ ജോലി സ്ഥലത്ത് എത്തിയപ്പോൾ വൈദ്യുതിയില്ലെന്ന് അറിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. 9.15-ന്‌ കൂളിക്കുന്നിലെത്തിയപ്പോഴാണ് റോഡിൽ കിടക്കുന്ന പഴ്സ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. എടുത്തുനോക്കിയപ്പോൾ നിറയെ പണവും മൂന്ന് എ.ടി.എം. കാർഡുകളും ആധാർ, പാൻ കാർഡുകളും. സുരേശനും രതീഷും മറ്റൊന്നും ആലോചിച്ചില്ല, നേരേ ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പഴ്സിലുണ്ടായിരുന്ന ബാങ്ക് രശീതിൽ കുറിച്ചിട്ടിരുന്ന ഫോൺ നമ്പറിൽ പോലീസ് വിളിച്ചപ്പോൾ എടുത്തത് കാഞ്ഞങ്ങാട് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ രതീഷ്‌കുമാർ.


പഴ്സിലുണ്ടായിരുന്ന രേഖകളിലെ നിഷാദിനെപ്പറ്റി പോലീസ് സൂചന നൽകിയപ്പോൾ അദ്ദേഹം കൂളിക്കുന്നിലെ പിക്കപ്പ് ഡ്രൈവറായ സഹോദരൻ കോളിയടുക്കം അണിഞ്ഞയിലെ കെ.എസ്.നിഷാദിനെ വിളിച്ചു. ഭാര്യയും കുട്ടിക്കുമൊപ്പം കാറിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു അപ്പോൾ നിഷാദ് കാർ നിർത്തി തിരഞ്ഞപ്പോൾ പഴ്സ് കാണാനില്ല.


കുട്ടിയെ കയറ്റാൻ വാതിൽ തുറക്കുന്നതിനിടയിൽ പഴ്സ് കാറിന്റെ മുകളിൽ വെച്ചിരുന്നതായി ഓർക്കുന്നത് അപ്പോഴാണ്. യാത്രയ്ക്കിടയിൽ പഴ്സ് തെറിച്ചുവീണുവെന്ന് മനസ്സിലാക്കിയ നിഷാദ് ഉടൻ മേൽപ്പറമ്പ് സ്റ്റേഷനിലേക്ക് തിരിച്ചു. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ.സനൽകുമാർ, സബ് ഇൻസ്പെക്ടർ എം.എസ്.ജോൺ, എ.എസ്.ഐ. എൻ.അരവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ പണവും രേഖകളും നിഷാദിനെ ഏൽപ്പിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today