കോട്ട: രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. രണ്ടു യുവാക്കൾക്കു കുത്തേറ്റതാണു സംഘർഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ ചൊവ്വാഴ്ചവരെ റ ദ്ദാക്കി.
ഞായറാഴ്ച വൈകുന്നേരം ഇരു സമുദായങ്ങളിലും പെട്ടവർ വടികളും ഇരുമ്പുദണ്ഡുകളും മറ്റ് ആയുധങ്ങളുമായും പരസ്പരം ആക്രമിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കമൽ ഗുർജാർ(32), രാകേഷ് ധക്കഡ്(21) എന്നിവർക്കു ശനിയാഴ്ച കുത്തേറ്റിരുന്നു. മറ്റൊരു സമുദായത്തിൽപ്പെട്ട അഞ്ചു യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നിൽ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും ജാട്ട്, ഗുർജാർ വിഭാഗം നേതാക്കളും ശനിയാഴ് രാത്രി ധർണ നടത്തിയിരുന്നു. യുവാക്കളെ കുത്തിയ കേസിൽ മൂന്നു പേരെ ശനിയാഴ്ച രാത്രിതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മുഖ്യപ്രതിയെ ക ണ്ടെത്താനായില്ല.
ഞായറാഴ്ച രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തുവന്നു. കടകളടയ്ക്കാൻ ആഹ്വാനവുമായി ഒരു സംഘം മാർക്കറ്റിലേക്ക് മാർച്ച് നടത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അജാജ് നഗർ, അലിഗഞ്ച് മേഖലയിലെ ഒരു ഡസൻ കടകൾക്കു പ്രതിഷേധക്കാർ തീവച്ചു. നിരവധി വാഹനങ്ങൾക്കും തീയിട്ടു.