കാസര്‍ഗോഡ്: രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണം ഏറെ പ്രതീക്ഷകളോടെ നോക്കി കാത്തിരുന്ന കാസര്‍ഗോഡ് ജില്ലയ്ക്ക് തുടക്കത്തില്‍തന്നെ കനത്ത നിരാശ. കഴിഞ്ഞ സര്‍ക്കാരില്‍ സിപിഐയിലൂടെ ജില്ലയ്ക്കുണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടമായതിനൊപ്പം സിപിഎമ്മില്‍ നിന്നും പുതിയൊരു മന്ത്രി ഉണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയായി.
ഉദുമയില്‍ നിര്‍ണായകമായൊരു മത്സരത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചുവന്ന സി.എച്ച്. കുഞ്ഞമ്പുവിന് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് എല്‍ഡിഎഫ് അണികളിലും നിരാശയായി.
കാര്യമായ പരാതികളില്ലാതെ അഞ്ചുവര്‍ഷം റവന്യൂവകുപ്പ് കൊണ്ടുനടന്ന ഇ. ചന്ദ്രശേഖരന് രണ്ടാമതൊരവസരം കൂടി ലഭിച്ചേക്കുമെന്ന പ്രതീക്ഷ തുടക്കത്തിലുണ്ടായിരുന്നു. അങ്ങനെയൊരവസരം ലഭിക്കുകയാണെങ്കില്‍ മന്ത്രിയെന്ന നിലയില്‍ ജില്ലയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലും തുടങ്ങിവച്ച ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള മന്ത്രിമാരില്‍ ആര്‍ക്കും രണ്ടാമതൊരവസരം നല്‍കേണ്ടതില്ലെന്ന മുന്‍തീരുമാനത്തില്‍ സിപിഐയും ഉറച്ചുനിന്നതോടെ ആ സാധ്യത ഇല്ലാതായി. ഇത് എംഎല്‍എ എന്ന നിലയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ ചന്ദ്രശേഖരനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ തന്നെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായിരുന്ന എതിരഭിപ്രായങ്ങള്‍ ഒന്നുകൂടി ശരിവെക്കുന്നതുമായി.
അതേസമയം നേരത്തേ മഞ്ചേശ്വരത്തും ഇപ്പോള്‍ ഉദുമയിലും ശക്തമായ രാഷ്ട്രീയപോരാട്ടങ്ങള്‍ നടത്തി ജയിച്ചുവന്ന ആളെന്ന നിലയിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന നേതാവുമെന്ന നിലയിലും സി.എച്ച്. കുഞ്ഞമ്പുവിന്റെ സാധ്യതകള്‍ അവസാനനിമിഷം വരെ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. സംസ്ഥാനതലത്തില്‍ വിവിധ ഘടകങ്ങള്‍ പരിഗണിക്കപ്പെട്ടപ്പോഴാണ് ഒടുവില്‍ കുഞ്ഞമ്പുവും പുറത്തായത്.
കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിമാരും വടക്കന്‍ ജില്ലകളില്‍ നിന്നായിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ നേരെ തിരിച്ചാവുകയാണ്. കഴിഞ്ഞതവണ മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രിമാരുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയുടെ പ്രാതിനിധ്യം ഇത്തവണ രണ്ടിലൊതുങ്ങി. കാസര്‍ഗോഡിന് ആകെയുണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെടുകയും ചെയ്തു. കോഴിക്കോടിന്റെ പ്രാതിനിധ്യം കഴിഞ്ഞതവണയും ഇത്തവണയും രണ്ട് തന്നെയാണ്. വയനാടിന് മുമ്പും ഇപ്പോഴും പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കാസര്‍ഗോഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പോലും ഇത്തവണ കോഴിക്കോട്ടു നിന്നോ മലപ്പുറത്തുനിന്നോ ആകാനാണ് സാധ്യത.
എയിംസും ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജും മലയോര ഹൈവേയും കാണിയൂര്‍ പാതയും ടൂറിസം വികസനവും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളുമുള്പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയുടെ ശബ്ദം കൂടുതല്‍ നേര്‍ത്തതാകാനും മന്ത്രിസഭയിലെ അസാന്നിധ്യം വഴിയൊരുക്കുമെന്നാണ് ആശങ്ക.
