കാസർകോട്ടേക്ക് 370 ഓക്‌സിജൻ സിലിണ്ടറുകൾ അടിയന്തരമായി വാങ്ങാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തീരുമാനം,

 കാസർകോട്: കൊവിഡ്-19 ചികിത്സയ്ക്കായി ജില്ലയ്ക്ക് പ്രതിദിനം കൂടുതലായി ആവശ്യമുള്ള 370 മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ അടിയന്തരമായി വാങ്ങാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസറെചുമതലപ്പെടുത്തി.പ്രതിദിനം 300 സിലിണ്ടർ മെഡിക്കൽ ഓക്‌സിജൻ കണ്ണൂർ ബാൽകോയിൽ നിന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ ആശുപത്രികളിൽ നിലവിലുള്ള 370 ഓക്‌സിജൻ സിലിണ്ടറുകൾ ഉപയോഗിച്ചുവരുമ്പോൾ തന്നെ 370 സിലിണ്ടറുകൾ റീഫിൽ ചെയ്ത് സൂക്ഷിച്ചുവെക്കേണ്ടതുമുണ്ട്.വീടുകളിൽ കഴിയുന്ന കൊവിഡ്-19 പോസിറ്റീവ് രോഗികളുടെ ഓക്‌സിജൻ ലെവൽ നിരന്തരമായി പരിശോധിക്കുന്നതിന് 2,000 പൾസ് ഓക്‌സിമീറ്റർ വാങ്ങാനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. കൊവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യം ഒരുക്കാത്ത സ്വകാര്യ ആശുപത്രികളിലെ മുഴുവൻ സൗകര്യങ്ങളും സർക്കാറിലേക്ക് ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു.പഞ്ചായത്ത് തലങ്ങളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇവയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സഹകരണം തേടാം. സംഭാവനയായോ താൽക്കാലിക ആവശ്യങ്ങൾക്ക് വാടകയ്‌ക്കോ ലഭ്യമല്ലാത്ത സൗകര്യങ്ങൾ തനത് ഫണ്ട് ഉപയോഗിച്ചോ വാങ്ങാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.വെന്റിലേറ്ററുകൾ 54ജില്ലയിൽ നിലവിൽ 27 ഇൻവേസീവ്, 27 നോൺ ഇൻവേസീവ് എന്നിങ്ങനെ 54 വെന്റിലേറ്ററുകളാണുള്ളതെന്ന് ഡി.എം.ഒ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രി-17, ടാറ്റ കോവിഡ് ഹോസ്പിറ്റൽ-13, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് -15, ജനറൽ ആശുപത്രി കാസർകോട്-9 എന്നിവയാണിവ. നിലവിലുള്ള നോൺ ഇൻവേസീവ് വെന്റിലേറ്ററുകളെല്ലാം ഉപയോഗത്തിലാണ്. ഇൻവേസീവ് വെന്റിലേറ്ററുകളിൽ ടാറ്റ ആശുപത്രിയിലുള്ള രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചുവരുന്നത്. ആവശ്യത്തിന് ഓക്‌സിജൻ ലഭിച്ചാൽ ടാറ്റ കൊവിഡ് ഹോസ്പിറ്റലിൽ 40 ഓക്‌സിജൻ ബെഡുകളിൽ കൂടി അഡ്മിഷൻ നൽകാവുന്നതാണെന്നും ഡി.എം.ഒ അറിയിച്ചു.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കണ്ണൂരിൽ നിന്ന് കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ ശ്രമം നടത്തും. ജില്ലയിലെ രോഗികളെ ജില്ലയിൽ തന്നെ ചികിത്സിക്കാൻ സൗകര്യം ഉണ്ടാക്കണം.ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


أحدث أقدم
Kasaragod Today
Kasaragod Today