ചെന്നൈ∙ തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണകൂടം. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ സൗജന്യമാക്കി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയ്ക്ക് ഉത്തരവായി. പാല്‍വില കുറയ്ക്കുകയും ചെയ്തു. രാവിലെ 9ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സ സൗജന്യമാക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്കിനു നേരിയ കുറവുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്നുരൂപ കുറച്ചു. മേയ് 16 മുതൽ കുറഞ്ഞ പാൽവില നിലവിൽവരും. ഓര്‍ഡിനറി ബസുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനുള്ള ഉത്തരവും ഇറങ്ങി. ഡിഎംകെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു ഇവയെല്ലാംകോവിഡ് ഭീഷണിയെത്തുടർന്ന് കാർഡ് ഉടമകൾക്ക് 4000 രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ആദ്യ ഗഡുവായ 2000 രൂപ അനുവദിച്ചുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ഏകദേശം 2.04 കോടി കാർഡ് ഉടമകൾക്ക് ഉപകാരപ്രദമാകുന്ന തീരുമാനമാണിത്. ഇതിനായി 4,153.39 കോടി രൂപ ചെലവുവരുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ സർക്കാർ അറിയിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസങ്ങൾക്കുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത് ആദ്യ അഞ്ച് മണിക്കൂറിനുള്ളിലായിരുന്നു ഈ തീരുമാനങ്ങളെല്ലാം.
കരുണാനിധിയുടെ ഓർമകള്‍ ജ്വലിപ്പിച്ച് സത്യപ്രതിജ്ഞ
മുഴുവന്‍ പേരുച്ചരിച്ച് അച്ഛന്‍ കരുണാനിധിയുടെ ഓർമകള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയാണ് പത്തുവര്‍ഷമായുണ്ടായിരുന്ന അധികാരവറുതിക്ക് സ്റ്റാലിന്‍ ഫുള്‍സ്റ്റോപ്പിട്ടത്. ഡിഎംകെയില്‍നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കുംശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. ഭര്‍ത്താവിന്റെ സ്ഥാനലബ്ധിയില്‍ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ സന്തോഷത്താല്‍ കണ്ണീരണിഞ്ഞതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ദുരൈമുരുകന്‍. പിറകെ മന്ത്രിസഭയിലെ 32 പേരും അധികാരമേറ്റു. കോവിഡ് കണക്കിലെടുത്തു പ്രവേശനം നിയന്ത്രിച്ചിരുന്ന ചടങ്ങില്‍ മുന്‍ധനമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍,നടന്‍ ശരത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പനീര്‍സെല്‍വത്തിന്റെ സാന്നിധ്യം തമിഴകത്തില്‍ സൗഹൃദരാഷ്ട്രീയത്തിനു തുടക്കം കുറിക്കുന്നുവെന്നതിന്റെ സൂചനയായി. സത്യപ്രതിജ്ഞയ്ക്കു പിന്നാലെതന്നെ സ്റ്റാലിനും മുതിര്‍ന്ന നേതാക്കളും ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തി. അച്ഛന്റെ ഛായാചിത്രത്തിനു മുന്നില്‍ വിങ്ങിപൊട്ടിയ സ്റ്റാലിനെ സഹോദരി ശെല്‍വി ആശ്വസിപ്പിച്ചു. മാതാവ് ദയാലു അമ്മാളിനെയും കരുണാനിധിയുടെ രണ്ടാം ഭാര്യ രാജാത്തി അമ്മാളിനെയും സന്ദർശിച്ചു. പിന്നീട് സി.എൻ. അണ്ണാദുരൈയുടെയും എം. കരുണാനിധിയുടെയും സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. വേപ്പേരിയിലെത്തി പെരിയോർ സ്മാരകത്തിലും പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് സെക്രട്ടേറിയത്തിലെത്തിയാണ് ജനപ്രിയ പ്രഖ്യാപനങ്ങളില്‍ സ്റ്റാലിൻ ഒപ്പിട്ടത്.
