'ഞാനാകെ ഞെട്ടിത്തരിച്ചു പോയി, പിന്നെ കരച്ചിലായി. ഒരുവാക്ക് പോലും പറയാന്‍ പറ്റാത്തത്രയും വലിയ അമ്പരപ്പിലായിരുന്നു ഞാന്‍. ജീവിതത്തിലൊരിക്കലും എനിക്കൊരു ഇരട്ട സഹോദരിയുണ്ട് എന്ന് ഞാന്‍ കരുതിയിരുന്നില്ല...' പറയുന്നത് നാദിയ എൽവിര എന്ന പതിനാറുകാരി. ചില ജീവിതങ്ങൾ സിനിമയെ തോൽപ്പിക്കും. അങ്ങനെയൊരു സർപ്രൈസ് ജീവിതമാണ് ഇന്തോനേഷ്യയിലെ നാദിയ എൽവിര, നാബില അസ് സഹ്‍റ എന്നീ രണ്ട് പെൺകുട്ടികളുടേതും. പതിനാറാമത്തെ വയസ് വരെ തനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ട് എന്ന സത്യം ഇരുവരും തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് കൗതുകകരം. ഇരുവരും തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടുന്നത് സോഷ്യൽ മീഡിയയിലും. ആ കഥ സഹോദരിമാർ തന്നെ പറയുന്നു.നാദിയ എല്‍വിര -എന്‍റെ കുടുംബത്തിലെ ഏറ്റവും ഇളയ മകളായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ വലിയ ഒറ്റപ്പെടലും ഞാന്‍ അനുഭവിച്ചിരുന്നു. എന്‍റെ എല്ലാ സഹോദരങ്ങളും എന്നേക്കാള്‍ 20 വയസെങ്കിലും മൂത്തതായിരുന്നു. അങ്ങനെയാണ് എന്‍റെ പ്രായത്തിലുള്ള കുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനായി ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയത്. യൂട്യൂബില്‍ കുഞ്ഞുകുഞ്ഞു വീഡിയോ ആണ് ഇട്ടിരുന്നത്.
ഒരു ദിവസം എന്‍റെ സുഹൃത്തായ ആയു, ഒരു പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്ന ടിക്ടോക് വീഡിയോയില്‍ എന്നെ ടാഗ് ചെയ്തു. സ്‍കൂള്‍ യൂണിഫോമില്‍ ഡാന്‍സ് ചെയ്യുന്ന ഒരു കുട്ടി. അവള്‍ ശരിക്കും കാണാന്‍ എന്നെ പോലെ തന്നെയുണ്ട് എന്ന് ആയു പറഞ്ഞു. ആദ്യം അത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഒരു ടിക്ടോക്കറോട് എന്നെ താരതമ്യപ്പെടുത്തുന്നത് എന്ന് ഓര്‍ത്തിട്ടായിരുന്നു അത്. ആ സമയത്ത് ഞാന്‍ ടിക്ടോക്കിലുണ്ടായിരുന്നില്ല. ആ വീഡിയോ കാണുന്ന സമയത്തൊന്നും എന്റെ ഇരട്ട സഹോദരിയെ കണ്ടെത്താന്‍ പോവുകയാണ് എന്ന് ഞാന്‍ സ്വപ്‍നത്തില്‍ പോലും കരുതിയിരുന്നില്ല.
നാബില അസ് സഹ്റ -സ്‍കൂളില്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്‍ത കുട്ടിയായിരുന്നു ഞാന്‍. എലമെന്‍ററി സ്‍കൂളില്‍ നിന്നും തുടങ്ങിയ ഒറ്റപ്പെടല്‍ ഹൈസ്‍കൂള്‍ വരെ. ആ വിഷമങ്ങളും വേദനകളും മാറ്റാനാണ് ഞാന്‍ ടിക്ടോക് വീഡിയോകള്‍ ചെയ്‍തു തുടങ്ങിയത്. യഥാര്‍ത്ഥ ജീവിതത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനേക്കാളും സുരക്ഷിതമാണ് ടിക്ടോക്കില്‍ എന്നെനിക്ക് തോന്നി. കാണാന്‍ എന്നെ പോലെ തന്നെയിരിക്കുന്ന നാദിയയെ കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം ഞാനത് അവഗണിക്കുകയായിരുന്നു. ഞാന്‍ കരുതിയത് അതൊരു ഫേക്ക് അക്കൗണ്ട് ആണ് എന്നായിരുന്നു. അതിനുമുമ്പ് പലപ്പോഴും പലരും എന്‍റെ ചിത്രം വച്ച് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.എന്നാല്‍, എന്നെ കുറിച്ച് നാദിയ ഇട്ട പോസ്റ്റ് ട്വിറ്ററില്‍ വൈറലായി. 'ശരിക്കും എനിക്കൊരു ഇരട്ട സഹോദരി ഉണ്ടോ? ഇത് യാദൃച്ഛികമാണോ? കാണാന്‍ ഞങ്ങളെങ്ങനെയാണ് ഇത്രയേറെ സാമ്യമുണ്ടായത്' എന്നായിരുന്നു പോസ്റ്റ്. അതോടെ അവളുടെ സുഹൃത്തുക്കളെനിക്ക് ഡയറക്ട് മെസേജ് അയച്ചു തുടങ്ങി. അങ്ങനെ, ഞാന്‍ നാദിയയുടെ ട്വിറ്റര്‍ ത്രെഡ് നോക്കുകയും അവസാനം അവളുടെ ഡയറക്ട് മെസേജിന് മറുപടി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്‍തു. 'നമ്മളൊരുപോലെ കാണാനുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ? വാട്ട്സാപ്പില്‍ വീഡിയോ കോള്‍ വിളിക്കാമോ എന്നാണ് ചോദിച്ചത്.' എന്നാല്‍, വീഡിയോ കോളില്‍ അവളെ കണ്ടതോടെ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഞാന്‍ കരയാന്‍ തുടങ്ങി. എനിക്കൊരു വാക്ക് പോലും മിണ്ടാനായില്ല. ഞാനത്രയും ഞെട്ടിയിരിക്കുകയായിരുന്നു. കാരണം, ജീവിതത്തില്‍ ഒരിക്കലും ഒരു ഇരട്ട സഹോദരി ഉണ്ട് എന്ന് ഞാന്‍ കരുതിയിരുന്നില്ല.
നാദിയ - നാബിലയെ ഫോണില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കണ്ണാടി നോക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ മൂക്ക്, കണ്ണ്, ചുണ്ടുകള്‍ എല്ലാം ഒരുപോലെ തന്നെയായിരുന്നു. കോള്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു, 'അമ്മാ ഈ പെണ്‍കുട്ടി കാണാന്‍ എന്നെപ്പോലെ ഉണ്ടെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ' എന്ന്. എന്നാല്‍, അമ്മ അതിനെ അപ്പോള്‍ തന്നെ എതിര്‍ത്തു. ഒട്ടും ഇല്ല എന്നാണ് അമ്മ പ്രതികരിച്ചത്. പക്ഷേ, അമ്മയുടെ മുഖത്ത് നിന്നും തന്നെ അവര്‍ വളരെ പരിഭ്രാന്തയായിരുന്നു എന്ന് വായിച്ചെടുക്കാമായിരുന്നു. അമ്മ എന്തോ എന്നില്‍ നിന്നും മറച്ച് വയ്ക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. 'എനിക്ക് 16 വയസായി അമ്മ. എന്നിട്ടും നിങ്ങളെന്നോട് എന്തോ മറച്ച് വയ്ക്കുന്നു' എന്നും പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. ഒടുവില്‍ അമ്മ തോറ്റു, എന്നോട് എല്ലാം പറയാന്‍ തയ്യാറായി. 'നീ സത്യം കേള്‍ക്കാന്‍ തയ്യാറാണോ' എന്ന് എന്നോട് ചോദിച്ചു.ആശുപത്രി ഇന്‍ക്യുബേറ്ററില്‍ നിന്നും അവര്‍ നേരിട്ട് ദത്തെടുത്തതാണ് എന്നെ എന്ന സത്യം അമ്മ എന്നോട് വെളിപ്പെടുത്തി. അത് മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. തനിക്ക് അല്ലാതെ തന്നെ വേറെയും കുട്ടികളുണ്ടായിരുന്നതിനാല്‍ നിന്നെ മാത്രമേ എടുത്തുള്ളൂ എന്നും അമ്മ പറഞ്ഞു. നിന്‍റെ സഹോദരി ജാറ്റിക്ക് ഒരു അനിയത്തി വേണം എന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന