ഉദുമയിലെ ബാങ്കിൽ മുക്കുപണ്ടം തട്ടിപ്പ്, കളനാട് സ്വദേശി അറസ്റ്റിൽ

 ഉദുമ: ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി.) ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പു കേസിലെ ഒന്നാം പ്രതി കളനാട് വില്ലേജിലെ അരമങ്ങാനം സുനൈബ് വില്ലയിലെ കെ.എ. മുഹമ്മദ്‌ സുഹൈറിനെ(32) ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാറും സംഘവും അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടിൽനിന്ന് കൂടുതൽ മുക്കുപണ്ടങ്ങളും പോലീസ് പിടിച്ചെടുത്തു.

ബാങ്കിൽ സുഹൈറും കൂട്ടാളികളായ 12 പേരും ചേർന്ന് പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2020 ഒക്ടോബർ മുതൽ 2021 ജൂൺ 31 വരെയാണ് പണയം വെച്ചത്. പണയവസ്തു കൂടുതലും നെക്‌ലേസായിരുന്നു. ആഭരണം ഉരച്ച്‌ പരിശോധിക്കുന്ന കൊളുത്ത് തനി സ്വർണവും ബാക്കി മുക്കുപണ്ടവും ചേർത്തായിരുന്നു തട്ടിപ്പെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. സുഹൈർ മാത്രം മൂന്നുതവണയായി പണയം വെച്ച് 22 ലക്ഷം രൂപയെടുത്തു. മറ്റുള്ളവരെ ഇയാളാണ് പരിചയപ്പെടുത്തിയതെന്നാണ് സൂചന. ഈ സംഘം പണയപ്പണ്ടമായി നൽകിയത് തിരൂർ പൊന്ന് എന്നുപറയുന്ന ചെമ്പിൽ സ്വർണം പൂശിയ ആഭരണങ്ങളാണെന്ന് ബാങ്ക്‌ മാനേജർ മൊഴി നൽകിയതായി ഡിവൈ.എസ്.പി. പറഞ്ഞു.

അതിനിടെ, ബാങ്കിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തത്‌സ്ഥാനത്തുനിന്ന് നീക്കിയതായി അറിയുന്നു. എന്നാൽ ഇതടക്കമുള്ള ഒരുവിഷയത്തിലും പ്രതികരിക്കാനില്ലെന്നുള്ള നിലപാടിലാണ് ബാങ്ക് അധികൃതർ. ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ ഹസൻ, റുഷൈദ്, അബ്ദുൾ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഓഡിറ്റിങ് സമയത്തെ പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബാങ്ക് മാനേജർ റിജു മൊട്ടമ്മൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുൻപ് മേൽപ്പറമ്പിലും സമാനരീതിയിൽ തട്ടിപ്പ്

രണ്ടുപതിറ്റാണ്ട് മുൻപ് മേൽപ്പറമ്പിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. അന്നത്തെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് (ഇപ്പോൾ കേരള ഗ്രാമീൺ ബാങ്ക്) മേൽപ്പറമ്പ് ശാഖയിലാണ് മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയത്. ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഈ കേസിൽ അന്വേഷണം തുടങ്ങിയതോടെ ഉദുമ സ്വദേശിയായ അപ്രൈസർ ജീവനൊടുക്കി. കേസ് വിചാരണ നടക്കുമ്പോൾ കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് മാനേജരും ജീവനൊടുക്കി. ഈ കേസ് സി.ബി.ഐ. അന്വേഷിക്കുന്നതിനിടെ മേൽപ്പറമ്പ് ഒറവങ്കര സ്വദേശിയായ ഒന്നാം പ്രതിയും മരിച്ചു. മുക്കുപണ്ടം പണയപ്പെടുത്തിയവരുടെ സ്വത്തുക്കൾ കളക്ടറുടെ ഉത്തരവുപ്രകാരം 2008-ൽ വിവിധ വില്ലേജ് ഓഫീസർമാർ ജപ്തിചെയ്തിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today