കാസർക്കോട് സ്വദേശി മൂസ ഷെരീഫ് രാജ്യത്തെ മികച്ച കായിക താരങ്ങൾക്കുള്ള ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാര ലിസ്റ്റിൽ

 മൊഗ്രാല്‍: രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമായ മൂസാ ഷരീഫ് ഇടം പിടിച്ചു. ഫെഡറഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.സി.ഐ) യാണ് 2017 മുതലുള്ള നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മൂസാ ഷരീഫിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തത്. ഏഴ് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടുക എന്ന മികച്ച നേട്ടത്തിനുടമയായ ഷരീഫ് ഇതിന് പുറമെ മലേഷ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ അന്താരാഷ്ട്ര കാര്‍ റാലികളില്‍ നിരവധി തവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. 10 രാജ്യങ്ങളിലായി 67 അന്താരാഷ്ട്ര റാലികളിലടക്കം 296 കാര്‍ റാലികളില്‍ പങ്കെടുത്തിട്ടുണ്ട്. 35 ദേശീയ കാര്‍ റാലി റൗണ്ടുകളില്‍ വിജയിച്ച താരമെന്ന റെക്കോര്‍ഡും ഇന്ന് മൂസാ ഷരീഫിന് സ്വന്തമാണ്. 2018 ല്‍ മലേഷ്യയില്‍ വെച്ച് നടന്ന ഏഷ്യന്‍ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പിലും ഷരീഫ് മുത്തമിട്ടിരുന്നു. ഷരീഫ് ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ കായിക പ്രതിഭയാണ്. മൊഗ്രാല്‍ സ്വദേശിയായ മൂസാ ഷരീഫിലൂടെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇശല്‍ ഗ്രാമത്തിലെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് മൊഗ്രാല്‍ ദേശം.




أحدث أقدم
Kasaragod Today
Kasaragod Today