കാഞ്ഞങ്ങാട്ട് ജഡ്‌ജിയുടെ വീട്ടില്‍ മോഷണ ശ്രമം

 കാഞ്ഞങ്ങാട്‌: പോക്‌സോ കോടതി ജഡ്‌ജ്‌ സുരേഷിന്റെ ടി ബി റോഡ്‌ ജംഗ്‌ഷനിലെ സ്‌മൃതി മണ്ഡപത്തിനു സമീപത്തെ വാടക വീട്ടില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പൊലീസ്‌ വിഫലമാക്കി. മോഷ്‌ടാക്കള്‍ എത്തിയ സ്‌കൂട്ടിയും കമ്പിപ്പാരയും പൊലീസ്‌ കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. ബലിപെരുന്നാള്‍ തിരക്കിനിടയില്‍ മോഷണം ലക്ഷ്യമിട്ട്‌ കുപ്രസിദ്ധ മോഷ്‌ടാക്കള്‍ നഗരത്തില്‍ എത്തിയിട്ടുള്ളതായി ഡി വൈ എസ്‌ പി ഡോ. വി ബാലകൃഷ്‌ണനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശവും നല്‍കിയിരുന്നു. അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം നടത്താനും നിര്‍ദ്ദേശം നല്‍കി.ജഡ്‌ജി സുരേഷ്‌ നാട്ടിലേയ്‌ക്ക്‌ പോയതിനാല്‍ വീട്‌ അടച്ചിട്ടിരുന്നു. രാത്രി ജഡ്‌ജിയുടെ വീട്ടില്‍ നിന്നു ആളനക്കം കേട്ട പരിസരവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന്‌ എസ്‌ ഐ മാധവന്റെ നേതൃത്വത്തില്‍ പൊലീസെത്തി വീടു വളഞ്ഞു. ഇതിനിടയില്‍ മോഷണസംഘം രക്ഷപ്പെട്ടു. വീടിന്റെ ഓട്‌ ഇളക്കി മാറ്റിയാണ്‌ മോഷ്‌ടാക്കള്‍ അകത്ത്‌ കടന്നത്‌. പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്‌.


أحدث أقدم
Kasaragod Today
Kasaragod Today