നിക്ഷേപ തട്ടിപ്പ്‌ കേസിലെ മൂന്നാം പ്രതിയായ പൂക്കോയ തങ്ങളുടെ മകനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

 കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസിലെ ഒന്നാം പ്രതി ചന്തേരയിലെ പി കെ പൂക്കോയ തങ്ങളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്‌ കൊണ്ട്‌ ക്രൈംബ്രാഞ്ച്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച്‌ കണ്ണൂര്‍ ഡിവൈ എസ്‌ പി എ വി പ്രദീപ്‌കുമാര്‍ ആണ്‌ അപേക്ഷ നല്‍കിയത്‌. തങ്ങളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്‌ കാസര്‍കോട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈ എസ്‌ പി എം സുനില്‍കുമാറും കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ ഡിവൈ എസ്‌ പി റാസിത്തും നേരത്തെ അപേക്ഷ നല്‍കുകയും കോടതി കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ ഇന്ന്‌ തിരികെ കോടതിയില്‍ ഹാജരാക്കവെയാണ്‌ ക്രൈം ബ്രാഞ്ച്‌ മൂന്നാമത്തെ അപേക്ഷ കൂടി നല്‍കിയത്‌.

ഇതിനിടയില്‍ പി കെ പൂക്കോയതങ്ങള്‍ക്കൊപ്പം ആദ്യം നേപ്പാളിലേക്ക്‌ കടക്കുകയായിരുന്നു അവിടെ നിന്ന്‌ ഗള്‍ഫിലേയ്‌ക്ക്‌ രക്ഷപ്പെടുകയും ചെയ്‌ത മകനും നിക്ഷേപ തട്ടിപ്പ്‌ കേസിലെ മൂന്നാം പ്രതിയുമായ ഹിഷാമിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച്‌ നടപടി ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഹിഷാമിനെ പിടികൂടുന്നതിന്‌ ഇന്റര്‍പോളിന്റെ സഹായം തേടി. ഇയാളെ കണ്ടെത്താന്‍ നേരത്തെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ കൈമാറിയിരുന്നുവെങ്കിലും ഫലമുണ്ടയിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കുന്നതിനുള്ള നടപടി ആവശ്യപ്പെട്ട്‌ കൊണ്ട്‌ ഇന്റര്‍പോളുമായി ബന്ധപ്പെട്ടതെന്നാണ്‌ സൂചന.

ഇതിനിടയില്‍ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസിലെ ഒന്നാം പ്രതിയും മുന്‍ മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെയും എം ഡിയും കേസിലെ ഒന്നാം പ്രതിയുമായ പൂക്കോയ തങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തതു വഴി തട്ടിപ്പ്‌ കേസില്‍ സുപ്രധാന വിവരങ്ങളാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചത്‌. സംയുക്ത ചോദ്യം ചെയ്യലില്‍ തങ്ങള്‍ നേരത്തെ നല്‍കിയ പല മൊഴികളും കെട്ടിച്ചമച്ചതാണെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ച സൂചന. ഇരുവരും ജ്വല്ലറിയിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫ്‌ അംഗങ്ങളും നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന്‌ അന്വേഷണ സംഘം സൂചിപ്പിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today