പരിചയം നടിച്ച് കടയിൽ എത്തിയ യുവാവ് തന്ത്രത്തിൽ പണം കൈക്കലാക്കി കടന്നുകളഞ്ഞു

 മുള്ളേരിയ: പരിചയം നടിച്ച് കടയിലെത്തി തിരക്കേറിയ സമയത്ത് വ്യാപാരിക്ക് സഹായിയായി കൂടി കടയില്‍ നിന്ന് 90,000 രൂപ കവര്‍ന്നതായി പരാതി. മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ ചിത്ര സ്റ്റേഷനറി കടയിലാണ് കവര്‍ച്ച. നെരോളിപ്പാറയിലെ ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കടയില്‍ തിരക്കുണ്ടായിരുന്നു. ഈ സമയത്ത് കടയിലെത്തിയ 38-40 വയസ് തോന്നിക്കുന്നയാള്‍ സാധനം എടുത്തുകൊടുക്കുന്നതിന് ബാലകൃഷ്ണനെ സഹായിച്ചു. അതിനിടെ അയാളും തനിക്കും സാധനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും സാധനങ്ങള്‍ എടുത്തുവെച്ചു. എന്നാല്‍ പണം എടുത്തില്ലെന്നും പിന്നീട് എത്തി വാങ്ങാമെന്നും പറഞ്ഞു. അതിനിടെ ചൂടികയര്‍ ആവശ്യപ്പെട്ടു. കടയുടെ പിറക് വശത്താണ് ചൂടികയര്‍ സൂക്ഷിച്ചിരുന്നത്. ബാലകൃഷ്ണന്‍ കടയുടെ പിറക് വശം പോയി കയര്‍ എടുത്തുവരുമ്പോഴേക്കും അയാളില്ലായിരുന്നു. പിന്നീട് മറ്റൊരാള്‍ ചില്ലറ ആവശ്യപ്പെട്ടപ്പോള്‍ എടുക്കാനായി മേശവലിപ്പ് തുറന്നപ്പോഴാണ് പണം മോഷണം പോയതായി അറിയുന്നത്. ബാങ്കില്‍ നിന്നെടുത്ത് കടയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ബാലകൃഷ്ണന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷിച്ചുവരുന്നു. അതേസമയം വെള്ള നിറത്തിലുള്ള കാറിലാണ് ഇയാള്‍ എത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.


أحدث أقدم
Kasaragod Today
Kasaragod Today