ഭാര്യയുടെ ആത്മഹത്യ, രണ്ടു മാസം മുമ്പ്‌ കാണാതായ മന്ത്രവാദിയെ ഇനിയും കണ്ടെത്താനായില്ല

മുള്ളേരിയ: രണ്ടു മാസം മുമ്പ്‌ കാണാതായ മന്ത്രവാദിയെ ഇനിയും കണ്ടെത്താനായില്ല. നാരമ്പാടി, കല്ലംകുഡ്‌ലുവില്‍ താമസക്കാരനും വയനാട്‌, തിരുനെല്ലി സ്വദേശിയുമായ കണ്ണന്‍ നമ്പൂതിരിയെ ആണ്‌ കണ്ടെത്താനാകാത്തത്‌. കഴിഞ്ഞ മാസം ഒന്നിന്‌ പുലര്‍ച്ചെയാണ്‌ ഭാര്യ അനിത, പത്തു വയസുള്ള മകന്‍ ആകാശ്‌ എന്നിവരെ വീട്ടില്‍ തനിച്ചാക്കി കണ്ണന്‍ നമ്പൂതിരി വീടുവിട്ടിറങ്ങിയത്‌. പിറ്റേ ദിവസം രാവിലെ ഭാര്യ അനിതയെ വീട്ടിനടുത്തുള്ള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതോടെയാണ്‌ കണ്ണന്റെ തിരോധാനത്തില്‍ സംശയം ഉയര്‍ന്നത്‌. ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ പൊലീസ്‌ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇയാള്‍ തമിഴ്‌നാട്ടിലേയ്‌ക്ക്‌ കടന്നുവെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. എന്നാല്‍ കാണാതായത്‌ സംബന്ധിച്ച്‌ ആര്‍ക്കും പരാതി ഇല്ലെന്നാണ്‌ പൊലീസ്‌ നിലപാട്‌. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌ മോര്‍ട്ടത്തില്‍ അനിതയുടെ മരണം ആത്മഹത്യയാണെന്ന്‌ സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാരണം ഇപ്പോഴും വ്യക്തമല്ല. മരണ വിവരമറിഞ്ഞ്‌ വയനാട്ടില്‍ നിന്ന്‌ എത്തിയ ബന്ധുക്കള്‍ മകന്‍ ആകാശിനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്‌തിരുന്നു. അനിതയും കണ്ണന്‍ നമ്പൂതിരിയും പ്രണയിച്ച്‌ വിവാഹിതരായവരാണ്‌. വയനാട്ടിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി എത്തിയപ്പോഴാണ്‌ ഇരുവരും പ്രണയത്തിലായത്‌. പിന്നീട്‌ വീട്ടുകാരുടെ എതിര്‍പ്പു വകവെയ്‌ക്കാതെ വിവാഹിതരാവുകയും ചെയ്‌തു. കര്‍ണ്ണാടക ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചതിന്‌ ശേഷമാണ്‌ നാരമ്പാടിയിലെത്തി വീടുവാങ്ങി താമസം ആരംഭിച്ചത്‌. പുതിയ വീടിനുള്ള തറ കെട്ടുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ കണ്ണന്‍ നമ്പൂതിരിയെ കാണാതായതും ഭാര്യ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്‌തത്‌. കണ്ണന്‍ നമ്പൂതിരിക്ക്‌ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടക്കാരില്‍ നിന്നു ഭീഷണി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും ഭീഷണി അനിതയ്‌ക്ക്‌ ഉണ്ടായിരുന്നുവോയെന്നും സംശയിക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകണമെങ്കില്‍ കണ്ണന്‍ നമ്പൂതിരിയെ കണ്ടെത്തേണ്ടതുണ്ട്‌. എന്നാല്‍ പരാതി ഇല്ലാത്തിനാല്‍ കേ സോ അന്വേഷണമോ ഇല്ലെന്നാണ്‌ പൊലീസ്‌ നിലപാട്‌.
أحدث أقدم
Kasaragod Today
Kasaragod Today