സൂര്യജിത്തിന്റെ മരണം: ചികിത്സാ രേഖകള്‍ പൊലീസ്‌ കസ്റ്റഡിയില്‍

കുണ്ടംകുഴി: ബേഡകം, മോലോത്തുങ്കാലിലെ ശോഭയുടെ മകന്‍ സൂര്യജിത്തി(19)ന്റെ ദുരൂഹ മരണക്കേസില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. സൂര്യജിത്തിനെ ചികിത്സിച്ച മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ്‌ ആശുപത്രിയിലെ ഡോക്‌ടറെ പൊലീസ്‌ ചോദ്യം ചെയ്‌തു. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ്‌ ഡോക്‌ടര്‍ നല്‍കിയ മൊഴി. ഇതേ തുടര്‍ന്ന്‌ ചികിത്സാ രേഖകള്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരെ കാണിച്ച്‌ ഉപദേശം തേടാനാണ്‌ പൊലീസിന്റെ നീക്കം. ഇതിനായി ബേഡകം പൊലീസ്‌ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ പോകുമെന്നാണ്‌ സൂചന. കഴിഞ്ഞ മാസം നാലിനാണ്‌ സൂര്യജിത്ത്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. കൂട്ടുകാര്‍ക്കൊപ്പം പോയ സൂര്യജിത്തിന്‌ പെട്ടന്ന്‌ തലവേദന ആനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇതിനിടയില്‍ മരണം സംഭവിക്കുകയും ചെയ്‌തു. മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌.
أحدث أقدم
Kasaragod Today
Kasaragod Today