ജോലിക്കിടയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം (heart attack) മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്‌അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.
أحدث أقدم
Kasaragod Today
Kasaragod Today