മീഡിയാ വണ്‍ നിരോധനം: വിധി ആശങ്കാജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍, ജുഡീഷ്യറിയില്‍ ഫാഷിസം പിടിമുറുക്കിയതിന്റെ ഉദാഹരണമാണ് വിധിയെന്ന് എസ്ഡിപിഐ

കോട്ടയം: മീഡിയാ വണ്‍ നിരോധനം ശരിവച്ച ഹൈക്കോടതി വിധി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെയും പ്രസ്ഥാനങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നതും നിരാശാജനകവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. ദേശസുരക്ഷയെന്ന മേമ്ബൊടി ചേര്‍ത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാനും വിവിധ മാര്‍ഗങ്ങളിലൂടെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന് ജുഡീഷ്യറിയെപ്പോലും ഉപയോഗപ്പെടുത്തുന്ന തെറ്റായ കീഴ്‌വഴക്കമാണ് മീഡിയാ വണ്‍ നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.

 മീഡിയാ വണ്‍  വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ജുഡീഷ്യറിയില്‍ ഫാഷിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ അതേപടി ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. സംഘപരിവാര വംശീയതയെ ദേശീയതയായി ചിത്രീകരിക്കുന്ന വിചിത്ര വാദത്തിന് നീതിപീഠം പിന്തുണയേകുന്നത് അപകടകരമാണ്. ഭരണകൂടങ്ങളെ വിമര്‍ശിക്കുകയെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെ ബാധ്യതയാണ്.

ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കുന്നത് ഏകാധിപത്യമാണ്. ആ ഏകാധിപത്യത്തിന് നീതിപീഠം കൂട്ടുനില്‍ക്കരുത്. സംഘി ഭീകരതയെ വിമര്‍ശിക്കുന്നവരെ തോക്കിന്‍കുഴലിലൂടെയും കലാപത്തിലൂടെയും ആര്‍എസ്എസ് അരുംകൊലചെയ്യുമ്പോള്‍ മറുവശത്ത് വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളെ പോലും ജുഡീഷ്യറി തന്നെ നിശബ്ദമാക്കുന്നതിലൂടെ സാക്ഷാല്‍ക്കരിക്കുന്നത് ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി കെ ഉസ്മാന്‍, സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.



ഭരണഘടന ഉറപ്പുനല്‍കുന്ന മുഴുവന്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും മീഡിയാ വണ്‍ നിരോധനത്തിനെതിരേ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ശക്തമായ ആശയപ്രതിരോധം തീര്‍ക്കാനും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today