പുലർച്ചെ സ്ഫോടന ശബ്ദംകേട്ട് ഉണരുകയായിരുന്നു, ഉക്രൈൻ സൈന്യം കാവൽ നിന്ന ഫ്ലാറ്റിന് ചുറ്റും റഷ്യൻ പട്ടാളം, യുദ്ധ ഭൂമിയിൽ കോളിയടുക്കം പെരുമ്പളയിലെ ആർ എൻ കൃഷ്ണ വേണി

കാസർകോട് ∙ ‘പുലർച്ചെ 4 ന് സ്ഫോടന ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു; അതിനു ശേഷം ഉറങ്ങിയിട്ടില്ല. കൂട്ടുകാരികൾക്കൊപ്പം ഒരേ മുറിയിൽ ഇരിക്കുകയാണ്. ഇപ്പോഴും ബോംബുകൾ പൊട്ടുന്ന ശബ്ദം തുരു തുരാ കേൾക്കാം. താമസിക്കുന്ന ഫ്ലാറ്റിനു താഴെ സായുധരായ യുക്രെയ്ൻ പട്ടാളക്കാർ കാവൽ നിന്നിടത്ത് റഷ്യൻ പട്ടാളം . ‌ആക്രമണം ഉണ്ടായാൽ തൊട്ടടുത്തുള്ള ബോംബ് ഷെൽട്ടറിലേക്ക് പോകാൻ നേരത്തെ നിർദേശം ലഭിച്ചിരുന്നു, യുക്രെയ്ൻ ഒഡേസയിലുള്ള മെഡിക്കൽ വിദ്യാർഥിനി ചെമ്മനാട് പെരുമ്പളയിലെ ആർ.എൻ.കൃഷ്ണവേണി യുദ്ധ ഭൂമിയിലാണ്, യുക്രെയ്നിലെ പ്രധാന സർവകലാശാലയായ ഒഡേസ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ആദൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇ.രത്നാകരന്റെ മകളായ കൃഷ്ണവേണി. ഇരിയണ്ണിയിലെ ഡോ.ഗണപതി അയ്യരുടെ മകൻ അനികേതൻ അയ്യർ ഉൾപ്പെടെ കാസർകോട് സ്വദേശികളായ ആറിലേറെ വിദ്യാർഥികൾ ഇതേ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. എല്ലാവരും ഫ്ലാറ്റുകളിലാണ് താമസം. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്ന് 441 കിലോമീറ്റർ ദൂരെയാണ് ഒഡേസ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അകലെയല്ലാത്ത സ്ഥലത്തു നിന്നാണ് സ്ഫോടനത്തിന്റെ ശബ്ദം കേൾക്കുന്നത്. സ്ഫോടന ശബ്ദം കേട്ടാണ് എല്ലാവരും ഉണർന്നത്. നോക്കിയപ്പോൾ ആകാശത്ത് ഒന്നിനു പിറകെ ഒന്നായി ഹെലികോപ്റ്ററുകൾ പറക്കുന്നതും കണ്ടു. ഇതോടെ യുദ്ധം രൂക്ഷമായി എന്ന് ഉറപ്പിക്കുകയായിരുന്നു’-കൃഷ്ണ വേണി പറയുന്നു. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതിനായി ഇവർക്ക് 2 മിനിറ്റു കൊണ്ട് എത്താൻ കഴിയുന്ന സ്ഥലത്ത് ബോംബ് ഷെൽറ്ററുകൾ ഉണ്ട്. അത്യാവശ്യ സാധനങ്ങളെല്ലാം വാങ്ങി വച്ചിട്ടുണ്ട്. യുദ്ധ ഭീതിയെ തുടർന്ന് ഇന്ന് നാട്ടിലേക്ക് വരാൻ ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നു. പുറപ്പെടാൻ തയാറായി നിൽക്കവെയാണ് അപ്രതീക്ഷിതമായി റഷ്യ സൈനിക നടപടികൾ ആരംഭിച്ചത്. ഇതോടെ വിമാന സർവീസുകൾ മുടങ്ങുകയും ചെയ്തു. ബാഗുകൾ പാക്ക് ചെയ്ത് വാഹന മാർഗം അതിർത്തിയിൽ എത്താനാണ് എംബസി അധികൃതർ ഇവരോട് പറഞ്ഞിരിക്കുന്നത്. വിമാനം റദ്ദ് ചെയ്തതിനാൽ അതിർത്തി രാജ്യത്തേക്ക് ഇവരെ മാറ്റി അവിടെ നിന്നു നാട്ടിലെത്തിക്കും
أحدث أقدم
Kasaragod Today
Kasaragod Today