നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി പൊലീസ് പിടിയിലായി

ആദൂര്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ചിറ്റാരിക്കാല്‍ സ്വദേശി ആദൂരില്‍ പൊലീസ് പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി അറക്കാട്ട് വീട്ടില്‍ തോമസ് എന്ന തൊമ്മനെ(60)യാണ് ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആദൂര്‍ ബസ് സ്റ്റോപ്പിന് സമീപം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന തൊമ്മനെ നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തൊമ്മനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലില്‍ ആദൂര്‍ പള്ളത്തെ ഹസൈനാറിന്റെ കടയുടെ പൂട്ട് പൊളിച്ച് 500 രൂപയും ആദൂര്‍ പഞ്ചക്കടവ് പള്ളിയുടെ ഭണ്ഡാരം കുത്തിതുറന്ന് പണവും മോഷ്ടിച്ചതായി സമ്മതിച്ചു. തുടര്‍ന്ന് ഈ രണ്ട് കേസുകളിലും തൊമ്മന്റെ അറസ്റ്റ് ആദൂര്‍ പൊലീസ് രേഖപ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തൊമ്മന്‍ കവര്‍ച്ചകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലും തൊമ്മനെതിരെ കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. പ്രധാനമായും ക്ഷേത്രഭണ്ഡാരങ്ങളും പള്ളി ഭണ്ഡാരങ്ങളും കുത്തിതുറന്നാണ് ഇയാള്‍ കൂടുതലും കവര്‍ച്ചകള്‍ നടത്തിയത്. മോഷണമുതലുകള്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് കര്‍ണാടകയിലും മറ്റും പോയി ധൂര്‍ത്തടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
أحدث أقدم
Kasaragod Today
Kasaragod Today