കാസർകോട് വിദ്യാനഗറിൽ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 കാസര്‍കോട്: ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ചാലക്കുടി സ്വദേശി മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ചാലക്കുടി പരിയാരം സ്വദേശിയും കാസര്‍കോട്ട് കാര്‍പെന്ററുമായ എ.പി ബിനേഷ് (45) ആണ് മരിച്ചത്. സഹായി തമിഴ്‌നാട് സ്വദേശി ആനന്ദ് കുമാറിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ വിദ്യാനഗര്‍ ഗവ.കോളേജിന് സമീപം വെച്ചായിരുന്നു അപകടം. ആനന്ദ് കുമാര്‍ ഓടിച്ച സ്‌കൂട്ടറും പെട്രോളുമായി എത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ പിറകില്‍ ഇരിക്കുകയായിരുന്ന ബിനേഷ് റോഡിലേക്ക് തെറിച്ച് വീണാണ് മരണപ്പെട്ടത്. ആനന്ദ കുമാറിന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരും ചെര്‍ക്കള സന്തോഷ് നഗറില്‍ താമസിച്ചാണ് ജോലി ചെയ്ത് വന്നിരുന്നത്. ബിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണ വിവരമറിഞ്ഞ് ബിനേഷിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. പരേതനായ പരമേശ്വരന്റെയും ഭാരതിയുടെയും മകനാണ്. സഹോദരങ്ങള്‍: ബിജു, വിനോദ്, ബീന.


أحدث أقدم
Kasaragod Today
Kasaragod Today