10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടു കാസർകോട് സ്വദേശികൾ കരിപ്പൂരില്‍ പിടിയില്‍

 മലപ്പുറം: 10 കോടിയോളം വില വരുന്ന അംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദ്ദില്‍ ) കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് പരിസരത്തു നിന്നും പിടികൂടി. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ ( 40 ) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന അംബര്‍ ഗ്രീസ് ആണ് ഇവരില്‍ നിന്നും പിടികൂടിയത്.


ഇത് കടത്തി കൊണ്ടു വരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശികളില്‍ നിന്നാണ് ആണ് ഇവര്‍ അംബര്‍ ഗ്രീസ് വാങ്ങിയത് എന്നാണ് വിവരം. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് നിന്നും കോടികളുടെ അംബര്‍ ഗ്രീസ് പിടികൂടിയിരുന്നു. ഈ സംഘവുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന് കൈമാറും

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേത്യത്വത്തില്‍ കൊണ്ടോട്ടി സി ഐ മനോജ് , എസ് ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.അംബര്‍ ഗ്രീസ് അഥവാ തിമിംഗല ഛര്‍ദ്ദിലിന് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ ആണ് വില. നിയമം മൂലം നിരോധിച്ചത് ആണെങ്കിലും ഇതിന് പിന്നില്‍ ഒട്ടേറെ പേരാണ് വിപണന മേഖലയില്‍ ഉള്ളത്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് അംബര്‍ ഗ്രീസ്. തിമിംഗല ഛര്‍ദ്ദില്‍ മോഹവിലയ്ക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാന്‍ ആളുണ്ട്


.

أحدث أقدم
Kasaragod Today
Kasaragod Today