വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിന്റെ വിചാരണ ആരംഭിച്ചു

 കാസര്‍കോട്: വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ ആരംഭിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍ ചേര്‍പ്പനടുക്കത്തെ അമ്മാളുഅമ്മയെ(65) കൊലപ്പെടുത്തിയ കേസിലാണ് വിചാരണ തുടങ്ങിയത്. ഈ കേസില്‍ ഒന്നാംപ്രതി അമ്മാളുഅമ്മയുടെ മകന്റെ ഭാര്യ അംബികയാണ്. മകന്‍ കമലാക്ഷന്‍ രണ്ടാംപ്രതിയാണ്. പേരമകന്‍ പി. ശരത്കുമാര്‍ ആണ് മൂന്നാംപ്രതി. 2014 സെപ്തംബര്‍ 16ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അംബികയും കമലാക്ഷനും ചേര്‍ന്ന് അമ്മാളുഅമ്മയെ കഴുത്ത് ഞെരിച്ചും തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തിയും കൊലപ്പെടുത്തിയ ശേഷം നൈലോണ്‍ കയര്‍ ഉപയോഗിച്ച് വീടിന്റെ ചായ്പിലെ കഴുക്കോലില്‍ കെട്ടിത്തൂക്കിയെന്നാണ് കേസ്. മകന്റെ ഭാര്യയും അമ്മാളുഅമ്മയും തമ്മിലുണ്ടായ പ്രശ്നത്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അമ്മാളു അമ്മയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം ചായ്പില്‍ കെട്ടിതൂക്കിയത്. ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ബേഡകം പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും കമലാക്ഷനെയും അംബികയെയും ശരത്കുമാറിനെയും പ്രതി ചേര്‍ക്കുകയും ചെയ്തു. കൊല മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിനാണ് ശരത്കുമാറിനെ പ്രതിയാക്കിയത്. അന്നത്തെ ആദൂര്‍ സി.ഐ എ. സതീഷ്‌കുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണവേളയില്‍ ആറ് സാക്ഷികളെ വിസ്തരിച്ചു


أحدث أقدم
Kasaragod Today
Kasaragod Today