പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു, പൂച്ചക്കാട്ടെ വ്യവസായിയുടെ മരണത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും

ബേക്കല്‍: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഗള്‍ഫ് വ്യവസായിയായിരുന്ന കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്ത എം.സി. അബ്ദുല്‍ ഗഫൂറിന്റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ പൊലീസ് പുറത്തെടുത്തത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്ത മൃതദേഹം അതേ സ്ഥലത്ത് വെച്ചാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത്. മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കഴിഞ്ഞ 16ന് രാവിലെയാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകന്‍ അഹമ്മദ് മുസമില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് 600ലേറെ പവന്‍ തൂക്കം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതാണ് മരണത്തില്‍ ദുരൂഹത ഏറ്റിയത്. ഇതേ തുടര്‍ന്ന് ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി പൊലീസ് ആര്‍.ഡി.ഒക്ക് അപേക്ഷ നല്‍കുകയായിരുന്നു. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണം എന്ന നിലയിലാണ് മൃതദേഹം ഖബറടക്കിയത്.
أحدث أقدم
Kasaragod Today
Kasaragod Today