പനി മൂർച്ഛിച്ച് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് കര്‍ഷകന്‍ മരിച്ചു. കാട്ടുകുക്കെ സരോളിയിലെ പരേതനായ തങ്കപ്പ റൈയുടെയും സുന്ദരിയുടെയും മകനായ ദേരണ്ണറൈ (45) ആണ് മരിച്ചത്. ബുധനാഴ്ച കുടുംബാംഗങ്ങള്‍ കര്‍ണാടക കല്ലടുക്കയിലെ ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ദേരണ്ണറൈ വീട്ടില്‍ തനിച്ചായിരുന്നു. രാത്രി 12 മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ ദേരണ്ണറൈയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പനി മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പനി ബാധിച്ചിട്ടും ദേരണ്ണറൈ മതിയായ ചികിത്സ തേടിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: മല്ലിക റൈ. മക്കള്‍: നിഹാരിക, വിഹാന്‍. സഹോദരങ്ങള്‍: സുധാകര, പ്രേമലത, ജയരാമ, ശശിധര, പുഷ്പ. ബദിയടുക്ക പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
أحدث أقدم
Kasaragod Today
Kasaragod Today