പൊലീസ് ജാമ്യത്തിൽ വിട്ടയച്ച യുവാവ് മരിച്ച സംഭവം, 9 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു, ഒരാൾ അറസ്റ്റിൽ

 കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടേ 9 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സഹോദരി ഭർത്താവ് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ റഷീദ് (24)അറസ്റ്റിലായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.മീഞ്ച മദക്കളയിലെ മൊയ്തീന്‍ ആരിഫ്(22)ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണം ആന്തരീക അവയവങ്ങള്‍ക്കേറ്റ ആഘാതത്തെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ലഹരിയില്‍ പൊതു സ്ഥലത്ത് ബഹളം വച്ചതിനാണ് ആരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി തന്നെ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ മംഗളൂരു ആശുപത്രിയില്‍ വച്ച് യുവാവ് മരണപ്പെടുകയായിരുന്നു. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട നാട്ടുകാര്‍ മരണം മര്‍ദ്ദനം മൂലമാണെന്ന് സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് പരിയാരം മെഡക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. മരണത്തിന് പിന്നില്‍ പൊലീസിന്റെ മര്‍ദ്ദനമാണെന്ന് നാട്ടുകാരും വീട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ജാമ്യത്തില്‍ കൂട്ടിക്കൊണ്ടുപോയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആരിഫ് മരിച്ചതെന്ന് പൊലീസും ആരോപിച്ചിരുന്നു.മഞ്ചേശ്വരം ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ തന്ത്രപരമായ നീക്കമാണ് മരണകാരണം ആൾക്കൂട്ട മർദ്ദനമാണെന്ന് തെളിയിക്കാൻ കഴിഞ്ഞത്.


أحدث أقدم
Kasaragod Today
Kasaragod Today