അനധികൃത കടവുകളില്‍ പൊലീസ് റെയ്ഡ്; രണ്ടു തോണികള്‍ തകര്‍ത്തു

 കാസര്‍കോട്: അനധികൃത പൂഴിക്കടത്ത് തടയാന്‍ പൊലീസ് ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. മൊഗ്രാല്‍ കെ കെ പുറത്തെ കടവില്‍ അനധികൃതമായി പൂഴി മണല്‍ കടത്താന്‍ ഉപയോഗിച്ച രണ്ടുതോണികള്‍ പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. കടവില്‍ വാരിക്കൂട്ടിയ പൂഴി പുഴയിലേക്ക് തിരിച്ചു നിക്ഷേപിച്ചു. ബുധനാഴ്ച പുലര്‍ച്ചേ കുമ്പള പൊലീസിന്റെ നേതൃത്വത്തിലാണ് കെ കെ പുറത്ത് റെയ്ഡിനെത്തിയത്. മണലൂറ്റിന് ശേഷം പുഴയില്‍ താഴ്ത്തിവച്ചിരുന്ന തോണികള്‍ മുങ്ങിയെടുത്ത് കരക്കെത്തിച്ചശേഷം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. അനധികൃത കടവുണ്ടാക്കിയ സ്ഥല ഉടമക്കെതിരെ കേസെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഉടമയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസ് വില്ലേജ് ഓഫീസ് അധികൃതരോട് തേടിയിട്ടുണ്ട്. രേഖകള്‍ ലഭിച്ചാലുടന്‍ പൂഴി മണലൂറ്റ് നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്.ഐ ടി.എം വിപിന്‍ പറഞ്ഞു. 25 ദിവസം മുമ്പ് കുമ്പള എസ്.ഐ ആയി ചുമതലയേറ്റ ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ച 15 പൂഴി കടവുകള്‍ തകര്‍ത്തു. 10 തോണികളും തകര്‍ത്തു. അനധികൃതമായി കടവുകളുണ്ടാക്കിയ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today