അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച കാസര്‍കോട്ടെത്തും

 കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച കാസര്‍കോട്ടെത്തും. രാവിലെ 10 മണിക്ക് കാസര്‍കോട്, താളിപ്പടുപ്പ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുക. മംഗളൂരു വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം കാസര്‍കോട്ടെത്തി ഉദുമയിലെ ലളിത് റിസോര്‍ട്ടില്‍ വിശ്രമിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും അദ്ദേഹം കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളന നഗരിയിലെത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന് ബിജെപി നിയോഗിച്ച അഞ്ചു താരങ്ങളില്‍ ഒരാളാണ് രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാജ്‌നാഥ് സിംഗിന്റെ കാസര്‍കോട്ടെ പരിപാടിയുടെ മുഖ്യസുരക്ഷാചുമതല നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡി (എന്‍.എസ്.ജി)നാണ്. സംഘം ചൊവ്വാഴ്ച തന്നെ കാസര്‍കോട്ടെത്തി സമ്മേളന സ്ഥലവും താമസിക്കുന്ന ഹോട്ടലും പരിശോധിച്ചു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയും പരിശോധന നടത്തി. സുരക്ഷയ്ക്കായി മറ്റു ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today