നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ വ്യാപാരിയെ ഇടിച്ച ശേഷം രണ്ട് വാഹനങ്ങളിലിടിച്ച് നിന്നു


 കാസര്‍കോട്: ബോവിക്കാനത്ത് നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചു. ശേഷം മറ്റു രണ്ടുവാഹനങ്ങളിലും ഇടിച്ചു നിന്നു. പരിക്കേറ്റ ബോവിക്കാനം മര്‍ച്ചന്റ് വെല്‍ഫേര്‍ സൊസൈറ്റി പ്രസിഡന്റ് മുളിയാര്‍ മഹമൂദി(55)നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബോവിക്കാനം ടൗണിലാണ് അപകടം നടന്നത്. ചെറുനാരങ്ങ വില്‍പനക്കെത്തിയ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന മഹമൂദിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന രണ്ടുകാറുകളിലും ഇടിച്ചാണ് നിന്നത്. റോഡില്‍ വീണ മഹമൂദിനെ ഓടിക്കൂടിയ ആളുകള്‍ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. അപകടം വരുത്തിയ വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

أحدث أقدم
Kasaragod Today
Kasaragod Today