പനി പടരുന്നു, ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി ആരംഭിച്ചു, പ്രവര്‍ത്തന സമയം ഉച്ചക്ക് 2 മുതല്‍ രാത്രി 8 മണി വരെ

 കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പനി പടരുന്നു. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പനി ബാധിതര്‍ കൂടുതലും ചികിത്സ തേടിയെത്തുന്നത്. പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടോക്കണ്‍ എടുക്കാനും ഡോക്ടറെ കാണാനും വലിയ ക്യൂ അനുഭവപ്പെടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കുന്ന പ്രത്യേക പനി ഒ.പി ആരംഭിച്ചിട്ടുള്ളത്. ഇത് ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളിലടക്കം പനി വ്യാപകമായത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചികിത്സക്കെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും നൂറു ഡിഗ്രിയിലധികമാണ് പനി രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള പനി കുറയാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഛര്‍ദി, വയറുവേദന, തലകറക്കം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ ബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today