കർണാടക ധര്‍മ്മസ്ഥലയിലെ പട്ടാപ്പകല്‍ കൊല; കാസർകോട് മുള്ളേരിയ സ്വദേശിയായ ജ്യോത്സ്യനും മകനും അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെലാളുവില്‍ റിട്ടയേര്‍ഡ് അധ്യാപകനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട,് മുള്ളേരിയ സ്വദേശികളായ അച്ഛനും മകനും അറസ്റ്റില്‍. മുള്ളേരിയ, ബെള്ളിഗെ, ഒടമ്പളെയിലെ ജ്യോത്സ്യന്‍ രാഘവേന്ദ്ര കെദില്ലായ (53) മകന്‍ മുരളീകൃഷ്ണ(20) എന്നിവരെയാണ് ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഒടമ്പളയിലെ വീട്ടില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായത്. രാഘവേന്ദ്രയുടെ ഭാര്യ വിജയലക്ഷ്മിയുടെ പിതാവ് ധര്‍മ്മസ്ഥല, ബെളാലുവിലെ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണ വടക്കില്ലായ(83) ആഗസ്റ്റ് 20ന് ആണ് കൊല്ലപ്പെട്ടത്.പകല്‍ മറ്റാരും വീട്ടില്‍ ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. ബാലകൃഷ്ണയുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പെ മരണപ്പെട്ടിരുന്നു. അതിനു ശേഷം വീട്ടില്‍ മകനോടൊപ്പമായിരുന്നു താമസം. മൂത്ത മകന്‍ ബംഗ്‌ളൂരുവിലാണ്. ബാലകൃഷ്ണയുടെ ഭാര്യയുടെ സ്വര്‍ണ്ണവും പണവും പലതവണ മകള്‍ വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ തയ്യാറായില്ല. ഈ വിരോധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.രാഘവേന്ദ്ര സ്‌കൂട്ടറിലും മുരളീകൃഷ്ണ ബൈക്കിലുമാണ് സംഭവ ദിവസം രാവിലെ മുള്ളേരിയയിലെ വീട്ടില്‍ നിന്നു ഇറങ്ങിയത്. മംഗ്‌ളൂരുവില്‍ എത്തിയപ്പോള്‍ ബൈക്ക് അവിടെ വച്ചു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നു. ധര്‍മ്മസ്ഥലയിലെ ബാലകൃഷ്ണയുടെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം രാഘവേന്ദ്ര സ്വര്‍ണ്ണം വേണമെന്ന് ആവശ്യപ്പെട്ടുവത്രെ. അതിനു വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ കത്തികൊണ്ട് ബാലകൃഷ്ണയുടെ തലയ്ക്ക് വെട്ടി. വീടിനു പുറത്തേയ്ക്ക് ഇറങ്ങിയോടിയ ബാലകൃഷ്ണയെ പിന്തുടര്‍ന്ന് വെട്ടി വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടിനകത്തുണ്ടായിരുന്ന രേഖകളും മറ്റും കൈക്കലാക്കി രാഘവേന്ദ്രയും മകനും സ്ഥലം വിട്ടു.
കൊല്ലപ്പെട്ട ബാലകൃഷ്ണയുടെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്തും വീട്ടിനകത്തും ചോരപ്പാടുകള്‍ കണ്ടു. തെരയുന്നതിനിടയിലാണ് വാഴച്ചോട്ടില്‍ ബാലകൃഷ്ണയെ കൊല്ലപ്പെട്ടു കിടക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.
മകനെയാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ച ഇലയില്‍ പൊലീസ് നായ മണം പിടിച്ചതോടെയാണ് കൊലയാളികള്‍ മറ്റാരോ ആണെന്ന സൂചന പൊലസിനു ലഭിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും പരിശോധിച്ചാണ് കൊലയാളികളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
അതേസമയം ബാലകൃഷ്ണ കൊല്ലപ്പെട്ട വിവരമറിഞ്ഞ് രാഘവേന്ദ്ര കെദില്ലായ ഭാര്യ വിജയലക്ഷ്മിയെയും കൂട്ടി ബെലാലുവിലെ വീട്ടിലേയ്ക്ക് പോവുകയും മരണാനന്തര ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today