റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കാന, ബാരിക്കാട്ടെ രാമചന്ദ്രനായിക് (65) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട.ഉദ്യോഗസ്ഥനാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലങ്കാനയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് രാമചന്ദ്രനായിക് പുലര്‍ച്ചെ വീട്ടില്‍ നിന്നു ഓട്ടോറിക്ഷയില്‍ പുറപ്പെട്ടത്. കൊല്ലങ്കാനയില്‍ എത്തിയപ്പോള്‍ പാണ്ഡവകരെ കുളത്തിനു സമീപത്തുള്ള നാഗരക്കട്ടയില്‍ പ്രാര്‍ത്ഥിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോയില്‍ നിന്നു ഇറങ്ങിപ്പോയ രാമചന്ദ്രനായിക് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അന്വേഷിച്ചു പോയി. ഈ സമയത്ത് രാമചന്ദ്രനായികിന്റെ വസ്ത്രങ്ങളും ചെരുപ്പും മൊബൈല്‍ ഫോണും കുളക്കരയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി പാതാളക്കരണ്ടി ഉപയോഗിച്ചാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് അഗ്നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഇ പ്രസീദ്, ഗോകുല്‍ രാജ്, എസ് അരുണ്‍കുമാര്‍, സിറാജുദ്ദീന്‍, രാജേന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: വാരിജാക്ഷി. മക്കള്‍: ഭവ്യ, പൂര്‍ണ്ണിമ, ചൈത്ര, രക്ഷിത. മരുമക്കള്‍: വസന്ത, ശരത്. സഹോദരങ്ങള്‍: രാമ നായിക്, സുരേഷ നായിക്, ഗോപാലകൃഷ്ണ നായിക്, പരേതനായ ഈശ്വര നായിക്.
أحدث أقدم
Kasaragod Today
Kasaragod Today