കാടകം, കൊട്ടംകുഴിയില്‍ വീണ്ടും പുലിയിറങ്ങി, കടിയേറ്റ വളര്‍ത്തു നായയുടെ നില ഗുരുതരം

കാസര്‍കോട്: നാട് പുലിപ്പേടിയില്‍ കഴിയുന്നതിനിടയില്‍ കാടകം, കൊട്ടംകുഴിയില്‍ വീണ്ടും പുലിയിറങ്ങി. രാമകൃഷ്ണന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് വെള്ളിയാഴ്്ച രാത്രി പന്ത്രണ്ടര മണിയോടെയാണ് പുലിയെത്തിയത്. വളര്‍ത്തു നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ നായയെ പുലി കടിക്കുന്നതാണ് കണ്ടത്. ബഹളം വച്ചപ്പോള്‍ പുലി സമീപത്തെ വയല്‍ വഴി ഓടി രക്ഷപ്പെട്ടതായി രാമകൃഷ്ണന്‍ പറഞ്ഞു. വളര്‍ത്തു നായയുടെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്. പല്ല് താഴ്ന്നിറങ്ങിയതിനാല്‍ നായയുടെ കഴുത്തിനു നല്ല വീക്കം ഉണ്ടെന്നു ഉടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു. വീക്കം കാരണം തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണു നായയെന്നു കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. മാസങ്ങള്‍ക്കു മുമ്പ് കൊട്ടംകുഴിയിലും പരിസരത്തുമായി രണ്ടു തവണ പുലിയിറങ്ങിയിരുന്നു. ഒയക്കോലിലെ വിനോദ്, ഗോപാലന്‍ എന്നിവരുടെ വീട്ടുമുറ്റങ്ങളിലാണ് അന്നു പുലിയെത്തിയിരുന്നത്. മുളിയാര്‍ റിസര്‍വ്വ്‌ ഫോറസ്റ്റിനു സമീപത്തെ ജനവാസ കേന്ദ്രങ്ങളില്‍ പുലിയിറങ്ങുന്നത് പതിവായതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. വനം വകുപ്പ് അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സിസിടിവികളില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൂടുവച്ചു പുലിയെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് വിദഗ്ധ നിര്‍ദ്ദേശ പ്രകാരം പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും പുലിയെ ഉള്‍വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today