തിരുവനന്തപുരം ∙ പിതൃസഹോദരന്റെ പീഡനത്തെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയുടെ നില ഗുരുതരം. 50 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മെഡിക്കൽ കോളജ് ബേൺ ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ അനുജനെ പൂജപ്പുര പൊലീസ് തിരയുന്നു. തിരുമലയിൽ 29 ന് രാത്രി 9 ന് ശേഷമായിരുന്നു സംഭവം. ഡൽഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെൺകുട്ടി. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ടെന്റിൽ ഉറങ്ങാൻ കിടന്ന കുട്ടി, കുടുംബം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കന്നാസിൽ കരുതിയിരുന്ന മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
നിലവിളി കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. വഴിയാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് ആംബുലൻസ് വരുത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാൽ ബേൺ ഐസിയുവിലേക്ക് മാറ്റി. പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തു. മജിസ്ട്രേട്ട് അർധരാത്രിയോടെ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 5 വർഷം മുൻപ് വരെ രണ്ട് വർഷത്തോളം തുടർച്ചയായി പ്രതി പീഡിപ്പിച്ചുവെന്ന് കുട്ടി മൊഴി നൽകി.
ഈ കാലയളവിൽ പ്രതി കഴിഞ്ഞിരുന്നത് നാടോടി സംഘത്തിനൊപ്പമായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . പ്രതി ഇപ്പോൾ ഇവർക്കൊപ്പമില്ല. പെൺകുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് മാതാപിതാക്കളും പൊലീസിന് മൊഴി നൽകി. മാനസികമായി തകർന്ന കുട്ടി കുറച്ചു നാളുകളായി മറ്റുള്ളവരോട് സംസാരിക്കുകയോ ഇടപെഴകുകയോ ചെയ്തിരുന്നില്ലെന്നും മൊഴിയിലുണ്ട്. 10 വർഷം മുൻപാണ് നാടോടി കുടുംബം ചപ്പാത്തിക്കല്ല് വിൽപനയുമായി കേരളത്തിലേക്ക് എത്തുന്നത്