മലപ്പുറം: താനൂരില്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
വിവാഹ പ്രായമെത്തിയ സഹോദരിയും സഹോദരനുമടങ്ങുന്ന കൂടുംബത്തിന്റെ ഏക അത്താണിയായിരുന്നു മത്സ്യതൊഴിലാളിയായിരുന്ന ഇസ്ഹാഖ്. പിതാവ് നേരത്തെ മരിച്ചതോടെ ഇസ്ഹാഖായിരുന്നു കുടുംബകാര്യങ്ങളെല്ലാം നോക്കിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം കേസില്‍ ഒന്നാംപ്രതി കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്, നാലാംപ്രതി വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂവരും സിപിഎം പ്രവര്‍ത്തകരാണ്. ഇനി മൂന്ന് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.