മംഗളൂരു:സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയെ ജോലി സ്ഥിരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പ്രഥമാധ്യാപകൻ മാനഭംഗപ്പെടുത്തിയതായി പരാതി. ബെൽത്തങ്ങടിയിലെ യു.പി. സ്കൂളിലെ പ്രഥമാധ്യാപകനെതിരേയാണ് അതേ സ്കൂളിലെ അധ്യാപിക ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരി സ്കൂളിലെ താത്കാലിക അധ്യാപികയായിരുന്നു. അതേ സ്കൂളിൽ സ്ഥിരം സർക്കാർജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പ്രഥമാധ്യാപകൻ ഏപ്രിൽ 14-ന് സ്കൂൾ പരിസരത്തുവെച്ച് മാനഭംഗപ്പെടുത്തി എന്നാണ് പരാതി.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി സ്ഥിരമായില്ല. ജോലി മികച്ചതല്ല എന്ന കാരണത്താൽ ഇവരെ പിരിച്ചുവിട്ട് മറ്റൊരു അധ്യാപികയെ നിയമിക്കുകയും ചെയ്തു. തുടർന്നാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. യുവതിയെ മംഗളൂരു സർക്കാർ വെൻലോക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്റെ റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് ഉപ്പിനങ്ങാടി പോലീസ് അറിയിച്ചു.