കൊല്ലം: മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫി(18)ന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍, 'അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്' രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവും ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫും ഷൈന്‍ ദേവും ആരോപിക്കുന്നത്.
തമിഴ്‌നാട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉള്‍പ്പെടെ പരാതി നല്‍കുമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു മാതാപിതാക്കളുടെ പരാതി.
ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴികെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ആശുപത്രിയില്‍ എത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് കോളേജ് അധികൃതര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയാണ്. സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഭയപ്പെട്ടാണ് സംസാരിച്ചതെന്നും ബന്ധുക്കളുടെ ആരോപണത്തിലുണ്ട്.
ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നല്‍കിയില്ല. പിന്നീടു മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോഴാണു സുദര്‍ശന്‍ പത്മനാഭന് എതിരെയുള്ള പരാമര്‍ശം കണ്ടത്. ഫോണ്‍ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയും ബന്ധുക്കള്‍ക്കുണ്ട്.
കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പോലീസ് സ്വീകരിക്കുന്നതെന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും കുടുംബം ആരോപിക്കുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയില്‍ വഴിയും പരാതി നല്‍കിയിട്ടുണ്ട്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ ലത്തീഫ്.