തൃശൂര്‍: പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടില്‍ നിന്നു പുറപ്പെട്ട വയോധികന്‍ വഴിയില്‍ തളര്‍ന്നുവീണു മരിച്ചു. സാമൂഹികക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി, താന്‍ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താന്‍ അക്ഷയ കേന്ദ്രത്തിലേക്ക് പോകവേ ചാഴൂര്‍ ആലപ്പാട് കിണര്‍ സ്റ്റോപ്പിനു സമീപം കല്ലുങ്ങല്‍ വീട്ടില്‍ ദിനപാലന്‍ (79) ആണു മരിച്ചത്.
പെന്‍ഷന്‍ മസ്റ്ററിങ്ങിനു ടോക്കണ്‍ എടുക്കാന്‍ അക്ഷയ കേന്ദ്രത്തിലേക്കു സൈക്കിളില്‍ പോയ ദിനപാലന്‍ അക്ഷയ കേന്ദ്രത്തിലെത്തും മുന്‍പ് ആലപ്പാട് സെന്ററില്‍ വച്ചു തളര്‍ച്ച മൂലം കടത്തിണ്ണയില്‍ കിടന്നു. പത്ര വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു.
നാട്ടികയില്‍ മകളുടെ വീട്ടില്‍ താമസിക്കുന്ന ദിനപാലന്‍ മസ്റ്ററിങ്ങിനായാണു കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. അതിരാവിലെ പോയാലേ ടോക്കണ്‍ കിട്ടൂ എന്നതിനാലാണ് അഞ്ചിനു തന്നെ ഇറങ്ങിയത്. മരുമകന്റെ അമ്മയുടെ സഞ്ചയന ദിവസമാണു ദിനപാലന്റെ മരണം.