കൊയിലാണ്ടി:വിവാഹവീട്ടിൽ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോൾ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉൾപ്രദേശത്ത് നടന്ന വിവാഹത്തിനിടയിൽ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിർബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്. ഇതേത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തിൽത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി.
വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകൾ നിർബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
വിവാഹവീടുകളിൽ മാലയിടുമ്പോൾ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകൾ പറയുക, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘർഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.