കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി 385 കോടി രൂപയുടെ അടങ്കല്‍ തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണം 90 ശതമാനവും രണ്ടാം ഘട്ടത്തിലുള്ള ആസ്പത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം 25 ശതമാനവും പൂര്‍ത്തീകരിച്ചുവെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ഒന്നാം ഘട്ട നിര്‍മ്മാണത്തിലുണ്ടായിരുന്ന ഇന്റേണല്‍ റോഡുകളുടെയും കുഴല്‍ കിണറുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപ അനുവദിച്ചിരുന്നു. ആസ്പത്രി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് 58.18 കോടി രൂപ നബാര്‍ഡ് ധനസഹായം ഉള്‍പ്പെടെ 95.08 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി 8 കോടി രൂപയുടെയും ഫാക്കല്‍റ്റികളുടെ ക്വാര്‍ട്ടേര്‍സിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിനായി 29.01 കോടി രൂപയുടെയും പ്രൊപോസല്‍ ലഭ്യമായിട്ടുണ്ട്.
അക്കാദമിക്ക് ബ്ലോക്കിന്റെ സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്കായി 19.73 കോടി രൂപ വികസന പാക്കേജില്‍ നിന്നും ആസ്പത്രി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി 10.73 കോടി രൂപ നബാര്‍ഡ് ധനസഹായമായും നിര്‍മ്മാണ ഏജന്‍സിക്കും കരാറുകാരനും നല്‍കി.