മഞ്ചേശ്വരം ∙ വാഹന ബ്രോക്കർക്കു വെടിയേറ്റ കേസിൽ ബംഗളൂരുവിൽ നിന്നു തോക്ക് കണ്ടെടുത്തു, യുവാവ് അറസ്റ്റിൽ. ബദിയടുക്ക ഉള്ളോടി ചരളടുക്കം സിറാജ് മൻസിലിൽ സിറാജുദ്ദീനാണു(39) കഴിഞ്ഞ ഓഗസ്റ്റ് 7 നു ഹൊസങ്കടിയിൽ വച്ചു കഴുത്തിനു വെടിയേറ്റത്. സംഭവത്തിൽ സുഹൃത്തും പ്രതിയുമായ മിയാപ്പദവ് അടുക്കത്ത് ഗുരി അബ്ദുൽ റഹ്മാന്റെ(22) താമസ സ്ഥലത്തു നിന്നു ലൈസൻസില്ലാത്ത തോക്ക് കണ്ടെടുത്തു. മഞ്ചേശ്വരം എസ്ഐ എ.ബാലചന്ദ്രനും സംഘവുമാണു ബംഗളൂരുവിലെ താമസ സ്ഥലത്തു പരിശോധന നടത്തിയത്.
മറ്റൊരു പ്രതി മീഞ്ചെ ബജംഗളയിലെ മുഹമ്മദ് സാക്കിറിനെ(24) അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത തോക്ക് സിറാജുദ്ദീനു വിൽക്കുന്ന സമയത്ത് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് അബ്ദുൽ റഹ്മാൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ വെടിയേറ്റത് എങ്ങനെയാണെന്നു സിറാജുദ്ദീൻ ഇതുവരെയും വിശദ്ദമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സിറാജുദ്ദീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ തിരിച്ചറിഞ്ഞത്.