ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതികൾ മരിച്ചു; അച്ഛനും അമ്മയും പോയതറിയാതെ ഇഷാനിപാരിപ്പള്ളി (കൊല്ലം)/ നെയ്യാറ്റിൻകര∙ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.
കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും.
Previous Post Next Post
Kasaragod Today
Kasaragod Today